മാഷേ….ഇതെന്റെ അണ്ടിയാണ്..കറുത്ത പയ്യൻ പറഞ്ഞത് കേട്ട്, ക്ലാസ്സിലെ മുഴുവൻ കുട്ടികളും ആർത്താർത്ത് ചിരിച്ചു….
കറുത്ത പയ്യൻ പറഞ്ഞത് കേട്ട്, ക്ലാസ്സിലെ മുഴുവൻ കുട്ടികളും ആർത്താർത്ത് ചിരിച്ചു….
കലി കയറിയ മാഷ്, ട്രൗസറിന് മുന്നിലെ വീർത്ത ഭാഗം, കൂർത്ത കണ്ണുകളോണ്ട് ചൂഴ്ന്ന് നോക്കിയ ശേഷം, നേർത്ത ചൂരല് കൊണ്ട് വീണ്ടും കുത്തി നോക്കീട്ട് ചോദിച്ചു….
“സത്യം പറയടാ…. ഇതെന്താണ്….? ”
ആ കുട്ടി സത്യം മാത്രേ പറയാറുണ്ടായിരുന്നുള്ളൂ…. നിറഞ്ഞ കണ്ണുകളോടെയവൻ വീണ്ടും പറഞ്ഞു….
” മാഷേയ്… സത്യായ്ട്ടുംഇതെന്റെ അണ്ടിതന്നാണ്….!! ”
ക്ലാസ്സില് വീണ്ടും കൂട്ടച്ചിരി മുഴങ്ങി….
*****************************************
സംഗതി നടക്കുന്നത് തൊണ്ണൂറുകളിലാണ്….
യു.പി.സ്കൂളിലെ ആദ്യ പിര്യേഡ്…. ആറാം ക്ലാസ്സിൽ, നാരായണൻ നായര് മാഷ് കണക്ക് പഠിപ്പിക്കുന്ന നേരം…. പുറത്ത് ചറപറാന്ന് മഴ പെയ്യുന്നു….
ഇന്നലേം, മിനിഞ്ഞാന്നും, അതിന്റെ തലേന്നും പഠിപ്പിച്ചു വെച്ച പാഠഭാഗങ്ങളിൽ നിന്നും ചോദ്യശരങ്ങൾ ശ്വാസം കിട്ടാതെ പാഞ്ഞ് നടക്കുന്നു…. ചൂരലുകളുടെ മൂളക്കവും, കുഞ്ഞ് മക്കളുടെ നേർത്ത എങ്ങിക്കരച്ചിലുകളും കേൾക്കാം…. തണുത്ത മഴക്കാലത്തും, ഇരുന്ന ഇരിപ്പിലിരുന്ന് വിയർത്തൊലിക്കുകയാണ് പാവം കുട്ടികള്….!!
പെട്ടൊന്നാണ്,… ശരവേഗത്തിൽ ഒരു കുട്ടി ഓടിയെത്തിയത്…. അവൻ സഡൻ ബ്രേക്കിട്ടത് പോലെ, വാതിലിന്റെ രണ്ട് അരികുകളിലായ് കൈ നീട്ടിപ്പിടിച്ച്, നനഞ്ഞൊലിച്ച് കിതച്ച് നിൽക്കുകയാണ്….
കറുത്ത് മെലിഞ്ഞ ആ കിളുന്ത് പയ്യനോട്, പണ്ടു മുതൽക്കേ നായര് മാഷ്ക്ക് ഇഷ്ടല്ല….
അനുസരണയില്ലാത്തോൻ…. പോരാത്തതിന് താഴ്ന്ന ജാതിക്കാരനും…. ഇനി മേലാൽ നേരം വൈകി സ്കൂളിലേക്ക് വരരുത് എന്ന് അവന് പല തവണ വാണിംങ്ങ് കൊടുത്തതാണയാൾ….
പക്ഷേ, എന്തെയ്യാം…. ബെല്ലടിച്ച് പത്തുപന്ത്രണ്ട് മിനുട്ട് കഴിഞ്ഞേ എന്നും അവനെത്താൻ കഴിഞ്ഞിരുന്നുള്ളൂ….!!
സംഗതി ഇങ്ങനെയൊക്കെയാണേലും,… അവന്റെ ഇന്നത്തെ വരവ് മറ്റു കുട്ടികൾക്ക് വലിയൊരാശ്വാസമായി…. ഉത്തരം മുട്ടുന്ന ചോദ്യങ്ങൾക്കിടേന്ന്,… ചെറിയൊരിടവേള കിട്ടിയല്ലോ…. അവരെല്ലാരുരുമിച്ചൊരു ദീർഘ നിശ്വാസമെടുത്തു….
ങ്ഹാം…………..!!
പെട്ടൊന്നൊരിടി വെട്ടി…. ” പ്ധും….!! ”
ക്ലാസ്സ് മുറി ഒന്നാകെ കിടുങ്ങി….
എങ്കിലും,…
കറുത്ത പയ്യൻ മാത്രം കുലുങ്ങിയില്ല…. അതിലും വലിയ ഇടിവെട്ടാണ് കൺമുമ്പില് പൊട്ടിത്തെറിക്കാനായ് കാത്ത് നിക്കണത് എന്ന് അവന് നല്ല ബോധ്യണ്ടായിരുന്നു….
പേടിച്ചരണ്ട മിഴികളോടെ,… നിസഹായ ചിഹ്നത്തിൽ, അയാളേത്തന്നെ ദയനീയമായ് നോക്കി ആ പാവം നിന്നു….
” ഇങ്ങോട്ട് കേറി വാടാ എരണം കെട്ടവനേ…. ”
നായര് മാഷ്ടെ ആക്രോശം കേട്ടപ്പോ,… ഇനിയൊരിക്കലും ഈ സ്കൂളിന്റെ ഏഴയലത്തേയ്ക്ക് വരാത്ത രീതിയിൽ, പെരുമഴയത്തൂടെ തിരിഞ്ഞോടിയാലോ എന്ന് ഉള്ളാലെ ആഗ്രഹിച്ചതാണവൻ…. പക്ഷെ, എന്തോ…. അവനതിന് കഴിഞ്ഞില്ല….!!
രണ്ടാമതൊരു വിളിക്ക് കാത്തു നിന്നാൽ, കിട്ടുന്ന അടിയുടെ എണ്ണം കൂടുമെന്ന സത്യം ശരിക്കും അറിയാവുന്നത് കൊണ്ട്,… ആ പാവം പയ്യൻ…. വിറച്ചു വിറച്ച്,… പുസ്തകം കുത്തിനിറച്ച രംഗീലയുടെ പഴയ പ്ലാസ്റ്റിക് കവറും, ഉച്ചക്കഞ്ഞിക്കുള്ള തൂക്കാം ചോറ്റുപാത്രവും മാറിലടക്കിപ്പിടിച്ച്,… കണക്ക് ഭീകരനരികിലേക്ക് പതിയെ നടന്നു ചെന്നു….
”ഇങ്ങോട്ട് നീങ്ങി നിക്കടാ….” എന്നാർത്ത് പറഞ്ഞ ശേഷം,… അവന്റെ നനഞ്ഞു കുതിർന്ന ഷർട്ട് പൊക്കിപ്പിടിച്ചയാൾ…. ട്രൗസറിന് പിറകിൽ ആഞ്ഞടിച്ചു….!!
ഒന്ന്,… രണ്ട്,… മൂന്ന്,……. നാല്,…. തുടരെ തുടരെ കണ്ണീച്ചോരയില്ലാത്ത പന്ത്രണ്ടടികൾ..!!
വടി പൊട്ടിച്ചിതറി….!!
പുറത്ത് തിമിർത്തു പെയ്യുന്ന മഴയേക്കാൾ ഊക്കോടെയവന്റെ കണ്ണീന്ന് കണ്ണീര് പൊടിഞ്ഞു…. എന്നാൽ,… ആ ദുഷ്ടനായ അദ്ധ്യാപകൻ,… ഇതൊന്നും കാണാത്ത പോലെ,… അടുത്ത വടിയുമായ് ആ പാവത്തിന് നേരെ കുരച്ച് ചാടി….
” വേണ്ട…. മാഷേ…. മതി…. മതി…. ”
കറുത്ത പയ്യൻ പുളയുന്ന വേദനയോടെ ഏങ്ങിയേങ്ങിപ്പറഞ്ഞു….
കറുത്തവന്റെ കരച്ചില്, ആര് കേൾക്കാൻ….?
ഒട്ടും ദയയില്ലാതെ,… ശോഷിച്ച ആ കുഞ്ഞ് രൂപത്തെ,… അയാൾ തലങ്ങും വിലങ്ങും ആഞ്ഞടിച്ചുകൊണ്ടേയിരുന്നു….
ക്ലാസിലെ മുഴുവൻ കുട്ടികളും ആ കാഴ്ച്ച കാണാനാവാതെ കണ്ണ് മുറുക്കിയടച്ചു….!!
ചൂരലിന്റെ ഒച്ചയും, ആ കുട്ടിയുടെ കരച്ചിലും ഒരു പ്രത്യേക താളത്തിൽ പ്രതിധ്വനിച്ചു….!!
അയാളുടെ ഓരോ അടിയിലും, താഴ്ന്ന ജാതിക്കാരനോടുള്ള കത്തുന്ന വെറുപ്പ് കൃത്യമായ് കാണാമായിരുന്നു….
പത്തിരുപത് നെറികെട്ട അടികൾക്ക് ശേഷം…. വടി പൊട്ടാറായെന്നുറപ്പായപ്പോ,… അയാളടി നിർത്തി…. പിന്നീട്,… മേശയില് കൈയ്യമർത്തിയ ശേഷം, വല്ലാത്തൊരു ഭാവത്തോടെ തുറിച്ച് നോക്കി….!!
അടി കൊണ്ട് പുളഞ്ഞ് ഞെരിപിരി സഞ്ചാരം കൊണ്ട കുഞ്ഞ് പയ്യൻ, തേങ്ങി വിറച്ച് കണ്ണീരൊലിപ്പിച്ച് പേടിച്ച് നിന്നു….!!
ക്ലാസ്സാകെ നിശബ്ദം….!!
പെട്ടൊന്നാണ് നാരായണൻ മാഷ് അക്കാര്യം ശ്രദ്ധിച്ചത്…. കൊച്ചുപയ്യന്റെ ട്രൗസറിന്റെ മുൻവശം വീർത്ത് കിടക്കുന്നു…. അയാൾക്ക് സഹിച്ചില്ല…. ഉടനടി ചൂരലെടുത്ത്, ആ പയ്യനരികിലേക്ക് കുതിച്ചു….
മാഷിനീം തല്ലാൻ വരുകയാണെന്ന് ഭയന്ന്, ആ കൊച്ചു കുഞ്ഞ് പിറകോട്ട് വലിഞ്ഞു….
മുന്നോട്ട് നടന്ന മാഷ്, നീട്ടിപ്പിടിച്ച ചൂരല് കൊണ്ട്,… പതിയെ ട്രൗസറിന്റെ മുൻവശത്ത് തൊട്ട ശേഷംചോദിച്ചു….
” ഉം…. ഇതെന്താടാ പൊന്തി നിക്കണത്….? ”
ക്ലാസ്സ് മുഴുവൻ കണ്ണ് തുറന്ന് നോക്കി….
വിറയാർന്ന ചുണ്ടുകളോടെ, അവൻ…. വിക്കിവിക്കി പറഞ്ഞു….
” മാഷേ…. ഇതെന്റെ അണ്ടിയാണ്….!! ”
കറുത്ത പയ്യൻ പറഞ്ഞത് കേട്ട്, ക്ലാസ്സിലെ മുഴുവൻ കുട്ടികളും ആർത്താർത്ത് ചിരിച്ചു….
കലി കയറിയ മാഷ്, ട്രൗസറിന് മുന്നിലെ വീർത്ത ഭാഗം, കൂർത്ത കണ്ണുകളോണ്ട് ചൂഴ്ന്ന് നോക്കിയ ശേഷം, നേർത്ത ചൂരല് കൊണ്ട് വീണ്ടും കുത്തി നോക്കീട്ട് ചോദിച്ചു….
“സത്യം പറയടാ…. ഇതെന്താണ്….? ”
ആ കുട്ടി സത്യം മാത്രേ പറയാറുണ്ടായിരുന്നുള്ളൂ…. നിറഞ്ഞ കണ്ണുകളോടെയവൻ വീണ്ടും പറഞ്ഞു….
” മാഷേ…. സത്യായ്ട്ടും ഇതെന്റെ അണ്ടിതന്നാണ്….!! ”
ക്ലാസ്സില് വീണ്ടും കൂട്ടച്ചിരി മുഴങ്ങി….
നാരായണൻ മാഷിന് അവനോടുള്ള ദേഷ്യം പതിൻമടങ്ങ് വർദ്ധിച്ചു…. മൂപ്പർക്ക് മാത്രല്ല…. അതുവരേയ്ക്കും, അവനെ സങ്കടത്തോട് നോക്കി കണ്ട മുഴുവൻ കുട്ടികളിലും വല്ലാത്തൊരു വെറുപ്പ് പ്രകടമായ്….
അടുത്ത അടിയ്ക്ക് വേണ്ടി ആ മാഷ് പയ്യന് നേരെ കൈയ്യോങ്ങിയ ആ നിമിഷം….
പെട്ടൊന്നുടനെ,…
ടൗസറിന്റെ കുടുക്കഴിച്ച്, അതിനുള്ളിൽ സൂക്ഷിച്ച് വെച്ചിരുന്ന കടലാസ് പൊതിയഴിച്ച്, പത്തിരുപത്തിയഞ്ച് പറങ്കിമാങ്ങാ അണ്ടികൾ മേശപ്പുറത്തേയ്ക്കിട്ടിട്ട്, അവൻ കരഞ്ഞ് പറഞ്ഞു….
“മാഷേ,…. ഇതെന്റെ സ്വന്തം അണ്ട്യാണ്…. ഞാൻ കഷ്ടപ്പെട്ട് പെറുക്കിയെടുത്തതാണ്… ഇത് വിറ്റ് കിട്ടണ കാശ് കൊണ്ട് വേണം,.. ന്റമ്മയ്ക്ക് മരുന്ന് വാങ്ങാൻ…. ന്റമ്മ…. സുഖല്യാതെ കെടക്കാണ് മാഷേ…. പൊലർച്ചെ എഴുന്നേറ്റ്, വീടായ വീട് മുഴുവൻ പത്രംട്ട് നടന്നാലും, ബാബ്വേട്ടന്റെ ഹോട്ടലില് പാത്രം കഴുകിയാലും, ഒന്നിനും തെകയൂല മാഷേ…. വെശപ്പ് മാറൂല മാഷേ…. വീട്ടില് പട്ടിണ്യാണ്…. ജീവൻ പോവണ പട്ടിണി…. ”
നിറകണ്ണുകളോടെ അവൻ പറഞ്ഞ് തീർത്തത്, തരിച്ചിരുന്ന് കേൾക്കാനേ കുട്ടികൾക്കായുള്ളൂ…. മാഷിനും….
അപ്പോഴും,…
പുറത്ത്….
ഊക്കോടെ മഴ പെയ്തു കൊണ്ടേയിരിക്കുകയാണ്….
നിർത്താതെ…