ഹിമാലയനു മുമ്പില്‍ മുട്ടുമടക്കി ബജാജ് ഡൊമിനാര്‍
റോയല്‍ എന്‍ഫീല്‍ഡിന് എതിരാളിയെന്ന് സ്വയം വാഴ്ത്തി മോട്ടോര്‍സൈക്കിള്‍ വിപണിയിലേക്ക് കടന്നു വന്ന ബജാജിന്റെ മോഡലാണ് ഡൊമിനാര്‍ 400. ബുള്ളറ്റിന്റെ കുറവുകള്‍ ചികഞ്ഞെടുത്ത് പരസ്യത്തിലൂടെ ട്രോളി പണികൊടുക്കുന്നതാണ് ഡൊമിനാറിന്റെ എന്റര്‍ടെയ്ന്‍മെന്റ്. എന്നാല്‍ വാക്കാല്‍ കേമനെന്ന് നടിക്കാന്‍ ആര്‍ക്കുമാകും. പെര്‍ഫോമന്‍സിലൂടെ അത് തെളിയിക്കുന്നവനാണ് കേമന്‍. കളിയാക്കലിലൂടെ കളം പിടിക്കാതെ നേര്‍ക്കുനേര്‍നിന്ന് കൊമ്പു കോര്‍ക്കുകയാണ് റോയല്‍ എന്‍ഫീഡിന്റെ ഹിമാലയന്‍.
റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനെപ്പോലെ മലകയറാന്‍ ശ്രമിച്ച് പരാജയപ്പെടുന്ന ഡൊമിനറിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഹിമാലയനും ഡൊമിനാറും മലകയറുന്നതാണ് വീഡിയോ. ഹിമാലയന്‍ എളുപ്പത്തില്‍ കയറുന്നുണ്ടെങ്കിലും ഡൊമിനറിന് കയറ്റം കയറാന്‍ സാധിക്കുന്നില്ല. കുറേ നേരത്തെ പരിശ്രമത്തിനു ശേഷവും കയറാന്‍ കഴിയാതെ വിഷമിക്കുന്ന ഡൊമിനാറിനെ പിന്നില്‍ നിന്ന് മറ്റ് ആളുകള്‍ വന്ന് തള്ളി കയറ്റാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
ബുള്ളറ്റിനെ കളിയാക്കിക്കൊണ്ടിരിക്കുന്ന ഡൊമിനാറിന് ഒരു ‘എട്ടിന്റെ പണി’ എന്ന വണ്ണം ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ബുള്ളറ്റ് ആരാധകര്‍. ചെന്നൈ ബുള്ളറ്റ് ക്ലബ് എന്ന ഫെയ്സ്ബുക്ക് പേജിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. ബുള്ളറ്റ് ആരാധകര്‍ ഏറ്റെടുത്തതോടെ വിഡിയോ വൈറലായിരിക്കുകയാണ്.