ആ മൊഞ്ച് ഈ ബത്തയ്ക്കക്ക് ഇല്ല പൊഫസറെ….. തണ്ണിമത്തൻ ബത്തക്ക ആവുമ്പോൾ ചിലത് പറയാതെ വയ്യ .
വിദ്യാര്‍ത്ഥികളുടെ മാറിടത്തെ വത്തക്കകൊണ്ട് ഉപമിച്ച ഫറൂഖ് കോളേജിലെ അധ്യാപകന് ജ്യോതി രാജീവിന്‍റെ മറുപടി
ബത്തക്കയും പെണ്ണുങ്ങളും പിന്നെ സുന്ദരികളും!!
മീനത്തിലെ ഈ ഉഷ്ണച്ചൂടിൽ തണ്ണിമത്തൻ വളരെ നല്ലതാണ്. പക്ഷെ ആവശ്യക്കാർ കൂടുന്നോണ്ട് കബളിപ്പിക്കലുകളും നല്ലോണം നടക്കുന്നുണ്ടെന്നാണ് അറിവ്. അതിന്റെ ആ ചുവപ്പു നിറം എന്നതോ കെമിക്കൽ ഇൻജക്റ്റ് ചെയ്ത് വരുത്തുന്നതാണ് പോലും. കഴിച്ചാൽ കുടുങ്ങും, ശോചനാലയവും ശുചിത്വ ഭാരതവും പോരാഞ്ഞ് കാൻസർമുക്ത കേരളംവരെ താണ്ടേണ്ടി വരും എന്നൊക്കെയാണ് .. അതുകൊണ്ട് മായമില്ലെന്ന് ഉറപ്പുവരുത്തി മാത്രം വിലകൊടുത്ത് വാങ്ങി ഉപയോഗിക്കുക … അല്ലാതെ ഓസിന് കിട്ടീതും എടുത്ത് കഴിച്ച് മുകളിൽ പറഞ്ഞപോലെ അക്കിടിപറ്റീത് പറയാനും വയ്യ, കടകളിൽ കാണുമ്പോ കൊതിക്കെറുവ് കാട്ടാണ്ടും വയ്യാന്ന് ആവല്ലും.
സർവ്വം മായം. എന്നാ ഒരു ഉടായിപ്പ് മനുഷ്യരാന്നേ..!!
തണ്ണിമത്തൻ ബത്തക്ക ആവുമ്പോൾ ചിലത് പറയാതെ വയ്യ .
ഞങ്ങൾ സ്ത്രീകളെ സ്ത്രീകളാക്കുന്നതിൽ മനസ്സിനും ചിന്തകൾക്കും വ്യക്തിത്വത്തിനും ഒപ്പം തന്നെ പങ്ക് ഞങ്ങളുടെ ശരീരങ്ങൾക്കും ഉണ്ട്.
അകമേക്ക് മാത്രമല്ല പുറമേക്കും സൗന്ദര്യത്തോടെ ഇരിക്കാൻ ആഗ്രഹിക്കുന്നവരാണ് ഞങ്ങൾ.
ഭാഷയുണ്ടായ കാലം മുതൽ വർണ്ണിച്ച് വർണ്ണിച്ച് ഈ സമൂഹം ഞങ്ങളെ അഹങ്കാരികൾ ആക്കിയതിനൊപ്പം തന്നെ അരക്ഷിതരും ആശ്രിതരും
ഒപ്പം തന്നെ ശാരീരിക സുഖം പ്രദാനം ചെയ്യുന്ന ഒരു “വസ്തു”എന്ന നിലയിലും ആക്കിത്തീർത്തിട്ടുണ്ട് എന്നത് യാഥാർത്ഥ്യം മാത്രം.
ഞങ്ങളുടെ ശരീരങ്ങൾ പോലും പലപ്പോഴും ഞങ്ങളുടേതല്ലാതെ ആവുന്നു. ഞങ്ങൾ സ്ത്രീകളിൽ ഒരു വിഭാഗം ഇന്നുകളിലും അത്തരം വർണ്ണനകളുടെ പ്രഭാവലയത്തിൽ കുടുങ്ങികിടക്കുന്നു എന്നതാണ് ഏറ്റവും അപകടകരമായ /സങ്കടകരമായ വസ്തുത.
അതുകൊണ്ടാണല്ലോ
സുന്ദരി എന്നൊന്ന് വിളിച്ച് ഞങ്ങളെ ഊമകളാക്കുവാനും. ചിന്തകൾക്കുമേൽ നിലാവിനെ അഴിച്ചുവിടുവാനും സാധിക്കുന്നത്.
ബത്തക്കയിലേക്ക് വരാം..
ഈ പറയുന്ന ബത്തക്കപോലെ മോഹിപ്പിക്കുന്ന ഞങ്ങളുടെ മാറിടം ഉണ്ടല്ലോ.. സൗന്ദര്യത്തിന്റെ ആ അളവുകോൽ… അതിന്റെ മറ്റൊരു വശം കൂടി തുറന്നുകാട്ടാം.
പെണ്ണായ് തുടങ്ങുന്ന കാലംമുതൽ ചൂടിലും തണുപ്പിലും വരിഞ്ഞുകെട്ടി വീർപ്പുമുട്ടിച്ച് തുള്ളാതെയും തുളുമ്പാതെയും മറച്ചുവെച്ച്
ഞങ്ങൾ കൊണ്ടുനടക്കുന്നത് …
ഞങ്ങളുടേത് മാത്രമായ സ്വകാര്യതയിൽ ആ വരിഞ്ഞുകെട്ടലുകളെ അഴിച്ചു മാറ്റി സ്വാതന്ത്ര്യത്തിന്റെ കണികാപൊട്ടുകളിൽ അസ്വാതന്ത്ര്യം സമ്മാനിച്ച അസ്വസ്ഥതകളെ /പൊട്ടലുകളെ/നീറ്റലുകളെ പല മാർഗ്ഗങ്ങളുപയോഗിച്ച് തണുപ്പിക്കുമ്പോൾ , വരിഞ്ഞുകെട്ടലുകളില്ലാത്ത /ചൂഴ്ന്നുനോട്ടങ്ങളില്ലാത്ത ഒരു ലോകത്തെ ഞങ്ങളുടെ വരും തലമുറകൾക്കായെങ്കിലും ഞങ്ങൾ സ്വപ്നം കാണുന്നുണ്ട് എന്നതറിയുന്നുവോ?
കുഞ്ഞു മുഴയുടെ രൂപത്തിൽ ഒളിഞ്ഞിരിക്കുന്ന ഒരു ശത്രുവിന്റെ ഭീതിയിൽ ഉറക്കം നഷ്ടപ്പെടുകയും , പലവട്ടം തടവിനോക്കി ഇല്ല എന്നുറപ്പുവരുത്തി , എന്നാലോ വീണ്ടും ഭയത്തിന്റെ വേരുകളും പൊതിഞ്ഞ് നടക്കുന്നുണ്ട് ഞങ്ങൾ ..
ഞങ്ങളുടെ ആയുസ്സിന്റെ വിധിയാണിത്…!
ഈ ബത്തക്ക നിസ്സഹായരാക്കിയ പല കുടുംബങ്ങളുണ്ട്.. അടുത്തുള്ള കാൻസർരോഗാശുപത്രി ഇടക്കൊക്കെ സന്ദർശിക്കുകയും താങ്കളുടെ സൂക്ഷ്മദൃഷ്ടി അവിടെ പതിപ്പിക്കുകയും ചെയ്യുന്നത് താങ്കളുടെ രോഗത്തിന് നല്ല മരുന്നാണ്…
മറക്കരുത്. !!
ഞങ്ങൾക്ക് മാത്രം അനുഭവിക്കാനാവുന്ന സന്തോഷത്തിന്റെ അങ്ങേയറ്റമാണീ അവയവം.
വാക്കുകൾ കൊണ്ട് അത് പറയാനാകില്ല
അനുഭവിച്ചറിയണം .. താങ്കൾക്ക് ഈ ജന്മം അതിനാവുകയും ഇല്ല…. എങ്കിലും
ഈ ഭൂമിയിലേക്ക് ഒരു കുഞ്ഞുകരച്ചിലുമായ് വന്ന ഞങ്ങടെ പിഞ്ചു കുഞ്ഞുങ്ങൾ വലിച്ചു കുടിക്കുമ്പോൾ , ചുരത്തിക്കൊടുക്കുമ്പോൾ അനുഭവിച്ചത്ര സന്തോഷം തരാൻ ഈ പ്രപഞ്ചത്തിൽ മറ്റൊന്നിനും ആവില്ല ….
അവരുടെ അമ്മിഞ്ഞയും ഇങ്ങയും ഞഞ്ഞിയും ഒക്കെ ആവുമ്പോൾ ഉള്ള സന്തോഷവും അഭിമാനവുമുണ്ടല്ലോ ഞങ്ങളെന്നും വിളിച്ചു പറയുന്ന അംഗീകരിച്ച് അഭിമാനിച്ച ആ പേരുകൾ..
ആ മൊഞ്ച് ഈ “ബത്തക്ക”ക്ക് ഇല്ല പ്രൊഫസറെ.
അല്ലാണ്ട് താങ്കൾക്ക് വ്യക്തിപരമായ് തോന്നുന്ന ആ അസുഖത്തിന് തൽക്കാലം പച്ചപപ്പായയെ കൂട്ടുപിടിക്കുക..
ശമനം കിട്ടിയേക്കാം.