സോഷ്യല്‍ മീഡിയയില്‍ മാറുതുറക്കല്‍ സമരവുമായി പെണ്‍കുട്ടികള്‍……… അധ്യാപകന്റെ ബത്തക്ക പരാമര്‍ശം
ഫറൂഖ് കോളജിലെ അധ്യാപകന്‍ നടത്തിയ ‘ബത്തക്ക’ പരാമര്‍ശത്തിന് പിന്നാലെ മാറുതുറക്കല്‍ സമരവുമായി ആക്ടിവിസ്റ്റുകള്‍ ഫെയ്‌സ്ബുക്കില്‍. മാറിടം തുറന്നു കാണിക്കാനുള്ള അവകാശമുണ്ടെന്ന പ്രഖ്യാപനവുമായി ദിയ സന. മാറു തുറക്കല്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സ്വന്തം മാറിടം തുറന്ന് കാണിച്ചിരിക്കുകയാണ് ദിയ.
ദിയ സനയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
മാറുതുറക്കല്‍സമരം….
പലരും പറയുന്ന പോലെ ‘മാറു തുറക്കല്‍ സമരം ‘ ,പഴയ ‘മാറു മറയ്ക്കാനുള്ള അവകാശ’ പോരാട്ടത്തെ റദ്ദുചെയ്യുന്നു എന്നൊരഭിപ്രായം എനിക്കില്ല .പകരം അത് പഴയ പോരാട്ടങ്ങളുടെ തുടര്‍ച്ച മാത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു .
അധികാര പ്രമത്തതയുടെ ബാഹ്യലോകത്തു നിന്ന് ആണ്‍- വരേണ്യബോധം പെണ്‍ – ദളിത് അപകര്‍ഷതയെ ന്യൂനീകരിച്ചതിന്റെ ബഹിര്‍സ്ഫുരണമായിരുന്നു മാറുമറയ്ക്കല്‍ സമരം .പെണ്ണിന്റെ ‘ചോയ്‌സ് ” പ്രാചീനആണ്‍ഹുങ്കുകള്‍ വകവെച്ചു കൊടുക്കാതിരുന്നതിന്റെ അധികാരതുടര്‍ച്ചയില്‍ ക്യൂവിലാണ് ഇന്നും നവീന ആണ്‍മത ശരീരങ്ങള്‍ എന്നു തോന്നുന്നു .ഈയൊരു സമരരീതിയോടെ സ്ത്രീകള്‍ മുഴുവന്‍ മാറുതുറന്ന് നടക്കണമെന്നോ നടക്കുമോയെന്നുമല്ല അര്‍ത്ഥമാക്കേണ്ടത്. മറിച്ച് അവര്‍ക്ക് അതിനുള്ള അധികാരമുണ്ടെന്ന് രേഖപ്പെടുത്തുക മാത്രമാണ് .
പൊതു ഇടങ്ങളില്‍ ആണ്‍ ശരീരം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അതേ അളവില്‍ ,അതല്ലെങ്കില്‍ ആണ്‍ ശരീരത്തിന്റെ തുറന്നു കാട്ടപ്പെടലിന്റെ അതേ സ്വാതന്ത്യ ബോധം പെണ്ണിനും ബാധകമാണ്. ആണിന്റെ ഉദാരതയില്‍ മാത്രം അവളുടെ സ്വാതന്ത്ര്യത്തെ നിര്‍വചിക്കാന്‍ ശ്രമിക്കുമ്പോഴാണ് പ്രശ്‌നം . പുറംകാഴ്ചയുടെ സങ്കുചിത ലൈംഗികബോധത്തിനപ്പുറത്ത് പെണ്‍ശരീരത്തിന്റെ ‘അത്ഭുത’ങ്ങളില്‍ നിന്ന് മനുഷ്യശരീരത്തിലേക്കുള്ള പരിണാമം അനിവാര്യമായി തീര്‍ന്നിരിക്കുന്ന ഒരു കാലത്ത് , അങ്ങനെയൊരു പരിഷ്‌കരണത്തിലേക്ക് വിപ്ലവച്ചൂട്ട് ഉയര്‍ത്തിപ്പിടിക്കുകയാണ് ഇത്തരമൊരു സമരമാര്‍ഗത്തിലൂടെ…
സ്ത്രീ ശരീരത്തിന്റെ അമിത ലൈംഗികവൽക്കരണത്തിനെതിരെ തിരുവനന്തപുരം സ്വദേശിനിയും അധ്യാപികയുമായ ആരതി എസ് എ തുടങ്ങിവച്ച മാറു തുറക്കൽ ഏറ്റെടുത്ത് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥ രഹ്ന ഫാത്തിമയും. നടിയും മോഡലും ആക്ടിവിസ്റ്റുമാണ് രഹ്ന ഫാത്തിമ. ചുംബന സമരപങ്കാളിത്തത്തിലൂടെ പ്രതിരോധ സമരങ്ങളിൽ സജീവമായ വ്യക്തികളാണ് രഹ്നയും പങ്കാളി മനോജും. മാറു തുറക്കൽ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രഹ്ന എടുത്ത ചിത്രം ആക്ടിവിസ്റ്റും സുഹൃത്തുമായ ദിയ സനയാണ് ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. തണ്ണിമത്തൻ കൊണ്ട് മാറ് മറയ്ക്കുകയും പിന്നീട് മാറ് പൂർണമായും തുറന്നുകാണിക്കുകയും ചെയ്യുന്ന രണ്ട് ചിത്രങ്ങളാണ് ദിയ സന പോസ്റ്റ് ചെയ്തിരിക്കുന്നത്.
എന്നാൽ ഈ പോസ്റ്റ് ഫേസ്ബുക് കമ്യൂണിറ്റി സ്റ്റാന്റേർഡിന് നിരക്കുന്നില്ലെന്ന പേരിൽ നീക്കം ചെയ്തു.മാറുമറക്കൽ സമരത്തിനും പൊതുബോധത്തിൽ നിൽക്കുന്ന സ്ത്രീകൾ എതിരായിരുന്നു. അമ്മായിയമ്മ കാണാതെ റൂമിനുള്ളിൽ കതകടച്ച് ഭർത്താവിന് കാണാൻ മാത്രം ബ്ലസ് ധരിച്ച സത്രീകളെ ചരിത്രം അടയാളപ്പെടുത്തിയിട്ടുണ്ട്. അതുപോലെ ബ്ലൗസ് ധരിച്ച് സമരം ചെയ്തുകൊണ്ടിരിക്കുമ്പോൾ തമ്പ്രാക്കൾ സൂക്ഷിച്ച് നോക്കിയപ്പോൾ നാണം വന്ന് ബ്ലൗസും ഊരി തോളിലിട്ട് സമരത്തിൽ നിന്ന് നടന്നുപോയ സ്ത്രീകളും ഉണ്ടായിരുന്നു- ദിയ സനയിട്ട സ്വന്തം ചിത്രത്തിനു കീഴിൽ രഹ്ന ഇങ്ങനെയാണ് കുറിച്ചത്.ചുംബന സമരത്തിലെ പങ്കാളിത്തത്തിനു ശേഷമാണ് ശരീര രാഷ്ട്രീയ പ്രവർത്തനം രഹ്ന ആരംഭിച്ചത്. തന്റെ ബിക്കിനി ചിത്രം സോഷ്യൽ മീഡയിയിൽ ഇട്ടതിന് രഹ്ന മതവാദികളുടെ വധ ഭീഷണി നേരിട്ടിരുന്നു. മുസ്ലിം സ്ത്രീ ഇങ്ങനെയൊന്നും ചെയ്യരുത് എന്ന പേരിലായിരുന്നു അന്നത്തെ ആക്രമണം. എന്നാൽ തനിക്ക് പേടി തോന്നിയില്ലെന്ന് രഹ്ന നാരദാ ന്യൂസിനോടു പറഞ്ഞു. അമ്മ മരിച്ചാൽ ജഡം പള്ളിയിൽ അടക്കില്ലെന്നായി പിന്നെ ഭീഷണി. അമ്മ മരിച്ചാൽ ജഡം മെഡിക്കൽ കോളേജിന് പഠിക്കാൻ കൊടുത്തോളാമെന്ന് ഞാൻ തിരിച്ചടിച്ചു- രഹ്ന വ്യക്തമാക്കി.