പിഴച്ചവൾ – ഭർത്താവ് അറിയാതെ മോളെയും ഇട്ട് നിന്റെ കൂടെ പോരുന്നതിന് ഞാൻ തന്നെയാ സമ്മതം തന്നത്
സമയം 12 ആവാൻ ആയിട്ടുണ്ട് കുൽസു ഉറങ്ങാതെ കാത്തിരിക്കുകയാണ്, നേരത്തെ പറഞ്ഞു ഉറപ്പിച്ച പ്രകാരം രവി മിസ്സ് കാൾ അടിക്കുമ്പോൾ ഇറങ്ങണം.. കട്ടിലിന്റെ അങ്ങെ തലക്കൽ ഫൈസൽ അപ്പോഴും നല്ല ഉറക്കത്തിൽ ആയിരുന്നു അവൾ പതിയെ എഴുന്നേറ്റ് തന്റെ ബാഗ് എല്ലാം അലമാരയിൽ നിന്നും പുറത്തു എടുത്ത് വെച്ചു.. തൊട്ടിലിൽ കിടക്കുന്ന തന്റെ മകളെ ഒന്ന് നോക്കി വീണ്ടും ബെഡിൽ വന്ന് കിടന്നു.. ആകെ ഒരു പരവേഷം അവൾക്ക് കിടക്കാൻ കഴിയുന്നില്ല, വീണ്ടും എഴുന്നേറ്റ് വാട്സ്ആപ്പ് ഓൺ ആക്കി രവിക്ക് മെസ്സേജ് അയച്ചു.
“ഹായ്.. എവിടെ എത്തി.. എനിക്ക് ആകെ ടെൻഷൻ ആവുന്നു ”
” നീ ഇറങ്ങിക്കോ.. ഞാൻ ഇപ്പൊ എത്തും ”
“ഒക്കെ ”
അവൾ ബാഗ് എടുത്ത് ചാരി വച്ചിരുന്ന വാതിൽ പതിയെ തുറന്നു സിറ്റ് ഔട്ട് ലേക്ക് നടന്നു.. തിരിഞ്ഞു നോക്കിയില്ല.. വേണ്ട ഇത് ഞാൻ എടുത്ത തീരുമാനം ആണ്. ഇനി എന്തിനാ ഒരു തിരിഞ്ഞു നോട്ടം..
അവൾ വീട് വിട്ട് ഇറങ്ങി രവിയുടെ കാർ ലക്ഷ്യമാക്കി നടന്നു.
” കുൽസു.. വേഗം കയറ്.. ആരേലും കാണും മുമ്പ് പോകാം ”
” ഞാൻ… എന്റെ മോൾ.. ”
അവൾ എന്തോ പറയാൻ ഭാവിച്ചപ്പോഴേക്കും അവൻ അവളുടെ ബാഗ് വാങ്ങി വണ്ടിയിലേക്ക് ഇട്ടു. പിന്നാലെ അവളും കയറി. രാത്രിയുടെ കറുപ്പിൽ ആ ഗ്രാമം കടന്ന് ആ കാർ അതിവേഗം കുതിച്ചു.
” എന്താ കുൽസു.. നീ ഒന്നും മിണ്ടാത്തത്.. ഇത് നമ്മൾ കുറെ ആലോചിച്ചു എടുത്ത തീരുമാനം അല്ലേ.. പിന്നെ എന്താ ഇപ്പൊ ”
” ശെരിയാ… ഭർത്താവ് അറിയാതെ മോളെയും ഇട്ട് നിന്റെ കൂടെ പോരുന്നതിന് ഞാൻ തന്നെയാ സമ്മതം തന്നത്.. എന്നാലും വീട് വിട്ട് ഇറങ്ങിയപ്പോൾ ഒരു വല്ലായ്മ ”
രവി അവളുടെ മുഖത്തേക്ക് നോക്കി.. കഴിഞ്ഞ ആഴ്ച ബീച്ചിൽ വെച്ച് കണ്ടപ്പോൾ എന്റെ കൂടെ ജീവിക്കാൻ ഉള്ള കൊതി ആ മുഖത്ത് നിന്ന് ഞാൻ വായിച്ചെടുത്തിരുന്നു.. ആ ഭാവം അല്ല ഇപ്പോൾ അവളുടെ മുഖത്ത് ഉള്ളത്.അവളുടെ മനോനില എന്താണെന്ന് അറിയാവുന്നത് കൊണ്ട് രവി കൂടുതൽ ഒന്നും സംസാരിചില്ല. എന്നാൽ കുൽസു മനസ്സിൽ കുറെ കൂട്ട ലും കുറക്കലും നടത്തുകയായിരുന്നു, തന്റെ ജീവിതം ഈ ഒരു അവസ്ഥയിൽ എത്തിയത് എങ്ങനെയെന്ന്.
കൂലി പണിക്കാരനായ ഉപ്പായുടെ മൂന്ന് മക്കളിൽ ഏക മകൾ ആയിരുന്നു ഞാൻ, ഡിഗ്രിക്ക് പഠിക്കുമ്പോഴാ ഉപ്പ ഓരോ കല്യാണ അന്വേഷണങ്ങളുമായി മുന്നോട്ട് പോയികൊണ്ടിരുന്നത്.. എന്നാൽ വിവാഹ കമ്പോളത്തിൽ സ്ത്രീധനത്തിൽ തട്ടി ആ അനേഷണങ്ങൾ എല്ലാം വഴി മുടക്കി നിന്നു, ആ സമയത്താണ് ഫൈസൽ ന്റെ വീട്ടുകാർ ആലോചനയുമായി വരുന്നത്.. അവർക്ക് സ്ത്രീധനം ഒന്നും വേണ്ട കുട്ടിയെ മതി എന്ന്.. അത്യാവശ്യം തെറ്റ് ഇല്ലാത്ത തറവാട്ടുകാർ ചെക്കനെയും കാണാൻ കുഴപ്പമില്ല.. തന്റെ മോളുടെ ഭാഗ്യം എന്ന് കണക്ക് കൂട്ടി ഉപ്പ കല്യാണത്തിന്റെ ഒരുക്കങ്ങൾ എല്ലാം നടത്തി.
കയ്യിൽ മൈലാഞ്ചി ചുവപ്പ് അണിഞ്ഞു ഖൽബിൽ നിറയെ മാരനെയും കുടിയിരുത്തി സന്തോഷകരമായ ഒരു ജീവിതം അവൾ സ്വപ്നം കണ്ട് നടന്നു..
വിവാഹം കഴിഞ്ഞ് ഒരാഴ്ച്ച കഴിഞ്ഞപ്പോഴേക്കും അവളുടെ സ്വപ്ന കൊട്ടാരം ഒന്നൊന്നായി പൊളിഞ്ഞു വീഴാൻ തുടങ്ങി.. ഫൈസലിന്റെ മാറ്റം അവളെ ശെരിക്കും അത്ഭുതപെടുത്തി, കിടപ്പറയിൽ നിന്ന് മാത്രമല്ല ആ മനസ്സിൽ നിന്ന് തന്നെ ഞാൻ ഒരുപാട് അകലെ യാണെന്ന് അവൾ അറിഞ്ഞു..
ഫൈസൽ മാത്രം ആണ് മാറിയത് ഉമ്മാക്ക് എന്നോട് വല്യ ഇഷ്ടമാണ്.പക്ഷെ തന്റെ കഴുത്തിൽ മഹർ ചാർത്തിയ ആൾ തന്നെ ശ്രദധിക്കുന്നെ ഇല്ല ഇങ്ങനെ ഒരു ജന്മം ഈ വീട്ടിൽ ഉണ്ടെന്ന ചിന്ത പോലും ഇല്ല.. സ്വന്തം വീട്ടിലെക്ക് തിരിച്ചു പോയാലോ പക്ഷെ എന്റെ അവസ്ഥ അറിഞ്ഞാൽ അവർക്ക് സങ്കടം ആവും വീട്ടിലെക്ക് പോവാനും തോന്നുന്നില്ല ഇവിടെ ഇങ്ങനെ തുടരാനും വയ്യ.. ഇനി ഞാൻ എന്ത് ചെയ്യും, വിവരങ്ങൾ എല്ലാം ഉമ്മയോട് തുറന്നു പറഞ്ഞാലോ.. എന്നിട്ട് വേണമെങ്കിൽ വീട്ടിൽ പോകാം എന്ന് തീരുമാനിച്ചു വിവരങ്ങൾ എല്ലാം അവരോട് പറഞ്ഞു ബോധ്യപെടുത്തി.ഇങ്ങനെ ഒന്ന് അവർ പ്രതീക്ഷിച്ചിരുന്നത് പോലെയാ അവരുടെ മുഖം കണ്ടപ്പോൾ എനിക്ക് തോന്നിയത്. എന്നാലും ഓരോന്ന് പറഞ്ഞ് അവർ എന്നെ സമദാനിപ്പിക്കാൻ
ശ്രമിച്ചു..
പിറ്റേന്ന് രാവിലെ ഒരു സ്ഥലം വരെ പോവാൻ ഉണ്ടെന്ന് പറഞ്ഞു ഉമ്മ ഫൈസൽ ഇക്കയെയും കൂട്ടി പോയി, വീട്ടിൽ ഒറ്റക്കിരുന്നു മുഷിഞ്ഞ ഞാൻ അയല്പക്കത്തെ ലിസിചേച്ചി യുടെ അടുത്ത് പോയിരുന്നു സംസാരിച്ചു.. ആ സംസാരത്തിൽ നിന്നും പല സത്യങ്ങളും ഞാൻ അറിഞ്ഞു, ജീവിതത്തിൽ ഒന്നിനോടും താല്പര്യം ഇല്ലാതെ ഒരാളോടും അതികം സംസാരിക്കാതെ ഒറ്റപെട്ട് തന്റെതായ ലോകത്ത് കഴിയുക യായിരുന്ന മകനെ കൗൺസിലിംഗ്ന് കൊണ്ട് പോയി ചികിത്സ നടത്തി (ചികിത്സ യുടെ ഭാഗം മാത്രം ആയിരുന്നു ആ വിവാഹം പോലും ) തന്റെ കുടുംബം നില നിന്നു പോകാനുള്ള ഒരു അമ്മയുടെ ആഗ്രഹത്തിന്റെ പുറത്ത് ഉണ്ടായിരുന്ന ഒരു പരീക്ഷണം.
ആ പരീക്ഷണത്തിന്റെ ഇരയായിരുന്നു ഞാൻ.. ചിലപ്പോൾ വിവാഹം കഴിച്ചു ജീവിതത്തിന് ഒരു കൂട്ട് ആയാൽ അവൻ നന്നായി കൊള്ളും എന്ന ആരുടെയൊക്കെയോ ഉപദേശത്തിന് ഒന്നും അറിയാതെ ഞാൻ കഴുത്ത് നീട്ടി…
കൗൺസിലിംഗ്ന് മോശം പറയാൻ ഒക്കില്ലട്ടോ.. വിവാഹത്തിന്റെ ആദ്യനാളുകളിൽ അവൻ എന്നോടോത്ത് ചിലവഴിച്ചതി ന്റെ റിസൾട്ട് എന്റെ ഉദരത്തിൽ റെഡിയായി കൊണ്ടിരുന്നു.സത്യങ്ങൾ എല്ലാം ഞാൻ അറിഞ്ഞു എന്നായപ്പോൾ ഞങ്ങൾ രണ്ട്പേരെയും കൊണ്ട് പോയി ഒന്നിച്ച് ഇരുത്തി കൗൺസിലിംഗ് നടത്തി, പക്ഷെ അതൊന്നും ഇക്ക അറിഞ്ഞ ഭാവം പോലും ഇല്ലായിരുന്നു.. അങ്ങനെ ദിവസങ്ങ ൾ മാസങ്ങൾ ആയി അതിനിടയിൽ ഞാൻ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. .. അമ്മ അവളെ വാത്സല്യത്തോടെ കൊണ്ട് നടന്നു സ്വന്തം ഉപ്പയുടെ കൈ കൾ ഒരിക്കൽ പോലും അവള്ക്ക് നേരെ നീണ്ടില്ല…
വറ്റി വരണ്ട മനസ്സുമായി അങ്ങനെ കഴിഞ്ഞുകൊണ്ടിരിക്കുമ്പോഴാ തന്റെ മനസ്സിൽ മഴയായ് അവൻ പെയ്ത് ഇറങ്ങിയത്, ഒരു റോങ്ങ് നമ്പർ ഫോൺ കാളിൽ തുടങ്ങിയ പരിചയം.. അത് പതിയെ ഞങ്ങൾ അറിയാതെ പ്രണയമായി വളർന്നു, ഒന്ന് മനസ്സ് തുറന്നു സംസാരിക്കാൻ ആളില്ലാതെ… തന്റെ പരിഭവങ്ങളും സങ്കടങ്ങളു പങ്ക് വെക്കാൻ കഴിയാതെ വിങ്ങി പൊട്ടിയിരുന്ന എനിക്ക് രവിയുടെ കൂട്ട് ഒരു സ്വാന്തനമായിരുന്നു.. തന്നെ മനസ്സിലാക്കാൻ ഒരാൾ ഉണ്ട് എന്ന് അറിഞ്ഞപ്പോൾ ആ കൈ കളിൽ അഭയം തേടാൻ മനസ്സ് കൊതിച്ചു… ഒരു പാട് ആലോചിച്ചു എനിക്ക് കിട്ടിയ ഉത്തരം ഇതായിരുന്നു.. അങ്ങനെയാ ഞാൻ രവിക്ക് ഒപ്പം ഇറങ്ങി പോന്നത്. ചിന്തയിൽ നിന്ന് പിൻവാങ്ങി അവൾ ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കി.
” ഇത് എവിടെയാ സ്ഥലം.. ഇരുട്ടിൽ എനിക്ക് ഒന്നും മനസ്സിൽ ആകുന്നില്ല രവി ”
“ഇതാ എത്തി ആ വളവ് തിരിഞ്ഞാ കാണുന്ന വീടാ ”
” രവിയുടെ അമ്മ എന്നെ സ്വീകരിക്കോ ”
” അമ്മയോട് ഞാൻ ഒന്നും പറഞ്ഞിട്ടില്ല… എല്ലാം പറഞ്ഞ് മനസ്സിലാക്കിക്കാം ”
” എന്നാലും സ്വന്തം മകൻ പെട്ടെന്ന് ഒരു പെണ്ണിനെ കൊണ്ട് കയറി ചെന്നാൽ… അതും ഭർത്താവും ഒരു കുഞ്ഞും ഉള്ള സ്ത്രീ…”
” നീ വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടണ്ട… അമ്മ ഇത് വരെ എന്റെ ഒരു ഇഷ്ടത്തിനും എതിർ നിന്നിട്ടില്ല ”
” ഇത് അത് പോലെ ആണോ പോരാത്തതിന് ഞാൻ ഒരു അന്യ ജാതിക്കാരിയും ”
” ജാതി നോക്കിയല്ലല്ലോ നമ്മൾ ഇഷ്ടപ്പെട്ടത്… പിന്നെ ഇപ്പൊ എന്താ ഒരു ജാതി പ്രശ്നം ”
” അച്ഛൻ മരിച്ചത്തിൽ പിന്നെ അമ്മക്ക് ഞാൻ മാത്രം അല്ലെ ഉള്ളു… എന്റെ ഇഷ്ടാ അമ്മന്റെ ഇഷ്ടം ”
വളവ് തിരിഞ്ഞു വണ്ടി രവിയുടെ വീടിന്റെ മുന്നിൽ നിർത്തി..
” കുൽസു … നീ ഇപ്പൊ ഇറങ്ങണ്ടാ… വണ്ടിയിൽ ഇരിക്ക്.. ഞാൻ അമ്മയോട് സംസാരിച്ചിട്ട് വരാം ”
” ഉം ”
കാളിങ് ബെല്ല് അടിക്കുന്ന ശബ്ദം കേട്ട് ജാനകി അമ്മ ലൈറ്റ് ഓൺ ആക്കി ക്ലോക്കിൽ നോക്കി..
” ദൈവമേ… പുലർച്ച നേരത്ത് ആരാ ബെല്ലടിക്കുന്നത് ”
അവർ പുറത്തെ വാതിലിനടുത്തേക്ക് നടന്നു.
” അമ്മാ…. അമ്മാ..
ഞാനാ … രവിയ ”
മോന്റെ ശബ്ദം കേട്ട് അവർ ദൃതിയിൽ വാതിൽ തുറന്നു..
” മോനെ… നീ എന്താ ഈ നേരത്ത്.. നീ ഈ ആഴ്ച വരുന്നില്ല എന്നല്ലേ പറഞ്ഞിരുന്നത്. ”
” അത് … അമ്മേ.. ഞാൻ…. ”
” എന്താടാ നീ എന്നെ ടെൻഷൻ ആക്കാതെ കാര്യം പറ. ”
” അമ്മ എന്നോട് ക്ഷമിക്കണം… അമ്മന്റെ മോൻ അമ്മ അറിയാതെ ഒരു കാര്യം ചെയ്തിട്ടുണ്ട് . ”
” മോനെ…. എന്താടാ… എന്താ.. നിനക്ക് പറ്റിയത്. ”
” കുൽസു വിനെ പരിചയപെട്ടത് മുതൽ കൂടെ ഇറങ്ങി പോന്നത് വരെ എല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.
” ഈശ്വരാ .. ഞാൻ എന്താ ഈ കേൾക്കുന്നത്. ”
” അമ്മ എതിര് പറയരുത്.. അവൾ എന്നെ വിശ്വസിച്ചു ഇറങ്ങി പോന്നതാ. ”
” എന്നാലും മോനെ . ”
” ഞാൻ അവളെ വിളിക്കട്ടെ ”
” വേണ്ട മോനെ… ”
ആ ശബ്ദം ഉറച്ചതായിരുന്നു.. തന്റെ അമ്മയിൽ നിന്ന് അങ്ങനെ ഒരു മറുപടി അവൻ പ്രതീക്ഷിച്ചിരുന്നില്ല.
” നേരം വെളുത്ത് നാട്ടുകാരും അയൽവാസികളും കാണുന്നതിന് മുമ്പ് നീ അവളെ അവളുടെ വീട്ടിൽ എത്തിക്കണം. ”
” അമ്മാ ഞാൻ കയ്യ് ഒഴിഞ്ഞാൽ മരണം അല്ലാതെ അവള്ക്ക് വേറെ വഴിയില്ല . ”
” മോനെ ഇപ്പൊ അമ്മ എന്ത് പറഞ്ഞാലും മോന് അത് മനസ്സിൽ ആകില്ല..
പക്ഷെ നിന്റെ നന്മക്ക് വേണ്ടിയാ അമ്മ പറയുന്നത്. ”
” അമ്മ ഞാൻ …. ”
” ഒരു മിനിറ്റ് അമ്മ ഇപ്പൊ വരാം . ”
ജാനകി അമ്മ പെട്ടെന്ന് തന്നെ സാരി മാറി ഉടുത്തു വന്നു.
” മോനെ അമ്മയും വരാം നിന്റെ കൂടെ…. വാ ”
രവി പലതും പറഞ്ഞു നോക്കിയെങ്കിലും ജാനകി അമ്മ സമ്മതം മൂളിയില്ല.. അവസാനം അമ്മയെയും കൂട്ടി അവർ യാത്രയായി…
എന്താണ് നടക്കുന്നത് എന്ന് അറിയാതെ കുൽസു ആകെ വിഷമിച്ചിരിക്കുകയാണ്… എവിടേക്കാണ് അമ്മയെയും കൂട്ടി പോവുന്നത് എന്നും അവളോട് ആരും പറഞ്ഞില്ല..
രവിയും ധർമസങ്കടത്തിൽ ആണ്… കുൽസുവിനെ ഉപേക്ഷിക്കാൻ വയ്യ.. അമ്മയെ ധി ക്കരിക്കാനും വയ്യ.. രണ്ട് പേരെയും തനിക്ക് വേണം.. എന്ത് ചെയ്യണം എന്നറിയാതെ ആ മനസ്സും വിഷമിച്ചിരുന്നു.
എന്നാൽ ജാനകി അമ്മക്ക് ഒരു തീരുമാനം ഉണ്ടായിരുന്നു അവർ അതിൽ ഉറച്ചു നിന്നു.. യാത്രക്കിടയിൽ അവർ കുൽസുമായി സംസാരിച്ചു.
” മോളെ… അമ്മ യോട് നിനക്ക് ദേഷ്യം ഒന്നും തോന്നരുത്.. നിങ്ങളെ നല്ലതിന് വേണ്ടിയാ അമ്മ പറയുന്നത് . ”
” എത്ര തിരിഞ്ഞു നോക്കാത്തവൻ ആണെങ്കിലും നിനക്ക് ഒരു ഭർത്താവ് ഇല്ലേ… നീ നൊന്തു പ്രസവിച്ച മോൾ ഇല്ലേ അവിടെ . ”
” ഭർത്താവ്….. ആ ലാബിലെ പരീക്ഷണ വസ്തു മാത്രമായിരുന്നു ഞാൻ…. വിജയിക്കാതെ പോയ ആ പരീക്ഷണത്തിന്റെ ആകെ തുകയാണ് എന്റെ മോൾ . ”
” എങ്ങനെ ആയാലും അവളുടെ അമ്മയല്ലേ നീ… ആ കുഞ്ഞ് നിന്നെ തിരഞ്ഞു കരയുന്നുണ്ടാവില്ലേ ഇപ്പൊ. ”
” മോളെ.. ഞാനും ഒരു അമ്മയാ….എത്ര ഇട്ട് എറിഞ്ഞു പോന്നാലും പിന്നീട് ഒരിക്കൽ ആ മകൾക്ക് വേണ്ടി നീ കണ്ണീർ കുടിക്കേണ്ടി വരും… ”
” ഒരു പെൺകുട്ടിക്ക് അവളുടെ അമ്മയുടെ പരിചരണം ആവശ്യമാണ്… ഇതൊന്നും ഞാൻ പറയാതെ തന്നെ നിനക്ക് അറിയുന്നതല്ലേ. ”
” പ്രണയത്തിന്റെ മധുരം കുറഞ്ഞാൽ ഒരു പക്ഷെ ഈ എടുത്ത് ചാട്ടം നിങ്ങൾക്ക് തന്നെ അരോചകരം ആയി തോന്നിയേക്കാം. ”
അമ്മയുടെ വാക്കുകൾക്ക് മറുപടി പറയാതെ കേൾക്കുകയാണ് രവിയും കുൽസുവും.
” മോനെ… സമയം എത്ര ആയി. ”
” അഞ്ച്മണി ആവുന്നു. ”
” ഇപ്പൊ അവിടെ വീട്ടിൽ അവൾ ഇല്ല എന്ന് അറിഞ്ഞു കാണും… അവർ ആകെ വിഷമിച്ചിരിക്കാവും. ”
” മോനെ നിന്റെ ഫോൺ തന്നെ. ”
” മോളെ നിന്റെ ഫോണിൽ ആരെങ്കിലും വിളിച്ചോ. ”
” ഫോൺ സ്വിച്ച് ഓഫ് ആണ്. ”
” എന്നാ മോൾ ഓൺ ആകേണ്ട… ഞാൻ വിളിച്ചു പറയാം. ”
” നിന്റെ വീട്ടിലെ നമ്പർ അടിച്ചു കൊണ്ടാ.. ആരെയാ വിളിക്കേണ്ടത്. ”
” ഉപ്പയെ വിളിച്ചാ മതി . ”
” അമ്മാ… ഒന്നും കൂടെ ആലോചിച്ചു പോരേ… ”
” മോനെ… അമ്മ ചെയ്യുന്നതാണ് ശെരി… നിങ്ങൾ രണ്ടാൾക്കും നല്ലതാ ഞാൻ ചെയ്യുന്നത്. ”
ജാനകി അമ്മ കുൽസുവിന്റെ ഉപ്പയെ വിളിച്ചു വിവരങ്ങൾ എല്ലാം വിശദമായി തന്നെ പറഞ്ഞു കൊടുത്തു.. ഞങ്ങൾ അങ്ങോട്ട് വരുന്നുണ്ട് എന്നും പറഞ്ഞു. ഉപ്പ വിവരം ഫൈസലിന്റെ വീട്ടിൽ വിളിച്ചു പറഞ്ഞു.. ഉപ്പയിൽ നിന്ന് വിവരം അറിഞ്ഞ കുൽസുവിന്റെ ആങ്ങളമാർ സർവ്വ സന്നാഹങ്ങളുമായി ഒരുങ്ങി നിന്നു…എന്തിനാന്നെല്ലേ… പെങ്ങളെ തട്ടി കൊണ്ട് പോയവനെ സൽക്കരിക്കാൻ.
അവർ
കുൽസുവിന്റെ വീട്ടിൽ എത്തിയ ഉടനെ തന്നെ ഒരുപാട് പേർ കൂടി വണ്ടി വളഞ്ഞു…
” ഇറങ്ങി വാടാ… പെണ്ണിനെ കൊണ്ട് പോയിട്ട് ആവശ്യം കഴിഞ്ഞപ്പോൾ തിരിച്ചു കൊണ്ട് വന്നിരിക്കുന്നു ”
” എന്ത് ധൈര്യത്തിലാടാ… നീ ഈ നാട്ടിൽ കാല് കുത്തിയത് ”
” ഇറക്കി വിട് അവനെ ”
” ഇറങ്ങി വാടാ.. നിന്നെ ഒന്ന് ഞങ്ങൾ കാണട്ടെ. ”
വണ്ടിക്കു ചുറ്റും തടിച്ചു കൂടിയവർ ഓരോന്ന് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.. അവർക്കിടയിൽ കൂടി കുൽസു വിന്റെ ഉപ്പ ഇറങ്ങി വന്ന് പറഞ്ഞു.
” ആരും ഒന്നും ചെയ്യണ്ട…. അവൾ ഇവിടെ എത്തിയില്ലേ… ”
“അങ്ങനെ പറഞ്ഞാൽ ശെരിയാവോ…. ഇവിടുന്ന് ഒരുത്തിയെ തട്ടി കൊണ്ട് പോയിട്ട് അവനെ വെറുതെ വിടണോ… മുട്ട് കാൽ തല്ലി ഓടിക്കണം അതാ വേണ്ടത് ”
കുൽസു വിന്റെ അങ്ങള യുടെ ശബ്ദത്തിൽ രവിയോടുള്ള ദേഷ്യം മുഴുവൻ അറിയാമായിരുന്നു.
” മോനെ… ഉപ്പയോട് അവർ എല്ലാം പറഞ്ഞിട്ടുണ്ട്… അവർ നല്ലത് കരുതി അവളെ ഇവിടെ കൊണ്ട് ആക്കിയതാണ് ”
” അവന്റെ ആവശ്യം കഴിഞ്ഞ് കാണും അതാ ”
” നീ സമാദാനപ്പെട്… നമുക്ക് എല്ലാം സംസാരിക്കാം…. ആദ്യം അവർ വണ്ടിയിൽ നിന്ന് ഇറങ്ങട്ടേ. ”
എല്ലാവരും പിരിഞ്ഞു പോണം… ഞങ്ങൾക്ക് പ്രശ്നം ഒന്നും ഇല്ല.. കേട്ടപ്പോൾ ഓടി വന്ന് സഹായിച്ചതിന് നന്ദി ഉണ്ട് ”
ആളുകൾ ഓരോന്ന് പറഞ്ഞു പിറു പിറു ത്ത് കൊണ്ട് പിരിഞ്ഞു പോയി.
രവി വണ്ടിയിൽ തന്നെ ഇരുന്നു ജാനകി അമ്മ കുൽസു വിനെയും കൂട്ടി വീട്ടിലേക്ക് കയറി ചെന്നു. അകത്തു കയറിയ ഉടനെ തന്നെ കുൽസുവിന്റെ മുഖത്ത് അടി വീണു.
” എടി…. പറയിപ്പിച്ചല്ലോടി… നീ… ഇതിലും നല്ലത് കുറച്ചു വിഷം വാങ്ങി ഞങ്ങൾക്ക് തരാമായിരുന്നു. ”
” ഉമ്മാ….. ഞാൻ…. ”
” വിളിക്കണ്ട എന്നെ ഇനി അങ്ങനെ…. എന്റെ വയറ്റിൽ നിന്നും തന്നെയാണല്ലോ നീ പിറന്നത് ”
ആ മാതാവ് തന്റെ സങ്കടവും ദേഷ്യവും കൊണ്ട് എന്ത് ചെയ്യണം എന്ന് അറിയാത്ത ഒരു അവസ്ഥ യിലായിരുന്നു.. അവർ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.
ജാനകി അമ്മയും കുൽസു വിന്റെ ഉപ്പയും ആങ്ങള മാരും എല്ലാം കുറെ നേരം സംസാരിച്ചു.. കാര്യങ്ങൾ എല്ലാം അവരെ പറഞ്ഞു മനസ്സിലാക്കി ഇറങ്ഹാൻ നേരം ജാനകി അമ്മ കുൽസു വിന്റെ അടുത്ത് പോയി അവളെ കണ്ടു.
” മോളെ…. ഞാൻ ഇറങ്ങാണ്…. എല്ലാം ഓരോ നിമിത്തങ്ങളായിരുന്നു എന്ന് വിചാരിക്കാം. ”
” മോൾ… അമ്മയെ വെറുക്കരുത്…. എന്റെ മോൻ രവി… അവൻ പാവമാണ്… മോൾ അവനെ ശപിക്കരുത്. ”
കുൽസു എല്ലാത്തിനും മറുപടി യായി തലയാട്ടി… ആ അമ്മയും മകനും അവരുടെ നാട്ടിലെക്ക് തിരിച്ചു.
അന്യ ജാതിക്കാരനായ ഒരുത്തന്റെ കൂടെ പോയവളെ ഇനി ഈ വീട്ടിൽ കയറ്റില്ല എന്ന് ഫൈസലിന്റെ ഉമ്മ തീർത്തു പറഞ്ഞു… പിഴച്ചവളുടെ കൂടെ ജീവിക്കാൻ തന്റെ പേരകുട്ടിയെ നൽകില്ല എന്നും അറിയിച്ചു.
കുൽസു ഇപ്പൊ എല്ലാവർക്കും ഒരു അതികപറ്റാണ്.. എല്ലാവരും അവളെ പിഴച്ചവൾ എന്ന് മുദ്ര കുത്തി ഒറ്റപ്പെടുത്തി, എല്ലാത്തിൽ നിന്നും അവളെ വിലക്കി.. ഉപ്പയും ഉമ്മയും ഉള്ളത് കൊണ്ട് അവരെ നോക്കി ജീവിച്ചു പോകുന്നു അവരുടെ കാലശേഷം ഞാൻ ശെരിക്കും ഒറ്റപ്പെടും… തന്റെ മോളെ എനിക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് അവൾ ഒരുപാട് ആഗ്രഹിച്ചു.. പക്ഷെ അവർ അവളെ വിട്ട് കൊടുക്കാൻ തയ്യാറായിരുന്നില്ല… കേസ് കൊടുത്താൽ ഒരു പക്ഷെ മോളെ കിട്ടിയേക്കും… പിഴച്ച പെങ്ങളെയും കൊണ്ട് കോടതി വരാന്ത കയറി ഇറങ്ങാൻ ആ ആങ്ങളമാർ തയ്യാറായിരുന്നില്ല. മുന്നോട്ടുള്ള അവളുടെ ജീവിതം ഒരു ചോദ്യചിഹ്നം ആയി അവളെ വേട്ടയാടികൊണ്ടിരിക്കുന്നു.
( ശുഭം )
ജാനകി അമ്മ ചെയ്തത് ശെരിയായിരുന്നോ അതോ സ്വന്തം മകന്റെ ജീവിത കാര്യത്തിൽ അവർ സ്വാർത്ഥത കാണിച്ചോ ?
ഫൈസലിന്റെ ഉമ്മ ചെയ്തദിനോട് യോജിക്കാമോ… ഒന്നും അറിയാതെ ഒരു പെൺകുട്ടിയുടെ ജീവിതം വെച്ചു മകന്റെ ഭാവി പരീക്ഷിച്ചതിൽ അവരെ തെറ്റ് പറയാൻ ഒക്കുമോ ?
സ്നേഹവും കരുതലും ഒന്നും തന്നെ ലഭിക്കാതെ മനസ്സ് മരവിച്ചു പോയവൾ സ്നേഹം തേടി പോയത് ശെരിയാണോ…. അവൾ പിഴച്ചവരിൽ പെടുമോ ?
വായനക്കാരായ നിങ്ങളുടെ അഭിപ്രായം എന്താണെന്ന് അറിയാൻ താല്പര്യപെടുന്നു.
✍🏻സുഹൈന വാഴക്കാട്