രണ്ടാം കെട്ട് – എഎന്റെ സുലു മരിച്ചിട്ട് ആറ് മാസമേ ആയിട്ടൊള്ളൂ … അതിന്റെ ഇടയിലൊരു രണ്ടാം കെട്ടോ..? നിങ്ങളെന്താ വിചാരിച്ചത്..
എന്താണുമ്മാ നിങ്ങളീ പറയുന്നത് . നിങ്ങള്‍ക്ക് ഭ്രാന്താണോ..?എന്റെ സുലു മരിച്ചിട്ട് ആറ് മാസമേ ആയിട്ടൊള്ളൂ … അതിന്റെ ഇടയിലൊരു രണ്ടാം കെട്ടോ..?
നിങ്ങളെന്താ വിചാരിച്ചത്..
സുലുവല്ലാത്ത മറ്റൊരു പെണ്ണോ ഏന്റെ ജീവിതത്തില്‍..?
എന്റെ മക്കളെ നോക്കാനൊരു പെണ്ണ് വേണ്ട..
ഇവരെ പോറ്റാന്‍ എനിക്കവളുടെ ഒാര്‍മ്മകള്‍ മാത്രം മതി..
ഉമ്മ ഇതും പറഞ്ഞ് എന്റെ അടുത്തേക്ക് വരരുത്..
മോനേ റിയാസേ..
സുലു എനിക്ക് മരുമോളായിരുന്നില്ല. മോളായിരുന്നെടാ..
ന്റെ മോളെ സ്നേഹിച്ച് പൂതി തീരുന്നതിന് മുമ്പേ അവള് പടച്ചോന്റെ വിളിക്ക് ഉത്തരം നല്‍കി പോയില്ലേടാ..
മൂന്ന് പെണ്‍കുട്ടികളല്ലെ നിനക്ക്..
ഞാനിനി എത്ര കാലമുണ്ടാകും.
അവരെ ആര് നോക്കും. പെണ്‍കുട്ടികളെ കാര്യം നോക്കാനും പ്രായത്തിനനുസരിച്ച് അവരെ വളര്‍ത്താനും ഒര് പെണ്ണ് തന്നെ വേണം മോനേ…
നീയവരെ എത്ര സ്നേഹിച്ചാലും അതൊരു ഉമ്മാന്റെ സ്നേഹം ആകൂല മോനേ….
വലിയത് ഏഴാം ക്ലാസ്സിലെത്തി.
മക്കളെ വളര്‍ച്ച കാണുമ്പോള്‍ ഉമ്മാന്റെ മനസ്സില്‍ തീയാണെടാ…
ന്റെ കുട്ടി സമ്മതിക്ക്..
വേണ്ട ഉമ്മാ..
കയറിവരുന്നവള്‍ മക്കള്‍ക്ക് എങ്ങനെയായാലും രണ്ടാനുമ്മയാകും.. വരുന്നവള്‍ ശരിയല്ലെങ്കില്‍ ഉള്ള സമാധാനം കൂടി പോയിക്കിട്ടും..
മക്കള് ചിലപ്പോള്‍ അത് കൊണ്ട് കഷ്ടപ്പെടേണ്ടി വരും.. നിങ്ങളെന്നെ നിര്‍ബന്ധിക്കരുത്..
അതൊന്നും ഉണ്ടാകില്ലടാ…
എല്ലാ പെണ്ണുങ്ങളും ഒരുപോലെയാകില്ല..
നീയിതിന് സമ്മതിച്ചേ പറ്റൂ.. അല്ലാതെ ഉമ്മ ഇനി നിന്റെ വീട്ടിലേക്ക് വരില്ല…
നമുക്ക് പറ്റിയ ബന്ധങ്ങളേതെങ്കിലും ഉണ്ടോന്ന് നോക്കാന്‍ ഞാന്‍ നിന്റെ ഉപ്പാനോട് പറയുന്നുണ്ട്. നിനക്ക് സൗകര്യമുണ്ടെങ്കില്‍ പോയി നോക്ക് ഞാന്‍ പോകുന്നു..
വീട്ടുകാരുടേയും കുടുംമ്പക്കാരുടേയും നിര്‍ബന്ധത്തിനൊടുവില്‍ റിയാസ് മനസ്സില്ലാ മനസ്സോടെ മൗനാനുവാദം നല്‍കി..
കാണുന്ന കുട്ടികളെയെല്ലാം ഒാരോ കാരണങ്ങള്‍ പറഞ്ഞ് റിയാസ് മുടക്കിക്കൊണ്ടേ ഇരുന്നു..
സഹികെട്ട ബ്രോക്കര്‍ കുറച്ച് ദേഷ്യത്തോടെയാണത് പറഞ്ഞത്..
റിയാസേ…
നിനക്ക് കാണിച്ചു തരാന്‍ ഇനി എന്റെ കയ്യില്‍ പെണ്ണില്ല..
അത് കൊണ്ട് ഇനി നീ വേറെ ആളെ നോക്ക്…
നിനക്ക് കല്ല്യാണത്തിന് താല്‍പര്യമില്ലെങ്കില്‍ അത് തുറന്ന് പറയൂ..
ഇനി നിനക്ക് കാണിച്ചു തരാന്‍ എന്റെ അറിവില്‍ എന്റെ മോള് മാത്രമേ ഒള്ളു…
അവളാണെങ്കില്‍ ഒരു മുടക്കാചരക്കായി വീട്ടില്‍ ഇരിക്കുയുമാണ്..
അത് കൊണ്ട് നീ എന്നെ വിട്ടേക്ക്..
ഞാന്‍ പോകുന്നു….
അബ്ദുക്കാ..
ഒന്ന് നിന്നേ… നിങ്ങളുടെ മോളെ കല്ല്യാണം കഴിച്ചിരുന്നല്ലോ എന്ത് പറ്റി..?
ഏന്ത് പറയാനാ റിയാസേ ..
പത്ത് കൊല്ലം ഒരുത്തന്റെ കൂടെ ജീവിച്ചിട്ടും ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യമില്ല അവള്‍ക്ക്..
അവന്‍ ഇവളെ ഒഴിവാക്കി വേറെ കെട്ടി.
അതിലൊരു കുട്ടിയുമായി…
നാട്ടിലുള്ള കുട്ടികള്‍ക്കൊക്കെ കല്ല്യാണമുണ്ടാക്കുമ്പോഴും ഈ അബ്ദൂന്റെ മനസ്സില്‍ വിങ്ങലാടാ…
ആകെയുള്ള ഒരു പെണ്‍തരിക്ക് ജീവിതമില്ലാതെ വീട്ടിലിരിക്കയാണല്ലോ എന്നോര്‍ത്ത്…
അബ്ദുക്കാ..
ഞാനൊരു കാര്യം പറയട്ടെ…
നിങ്ങള്‍ വീട്ടില്‍ പോയി മകളോട് ചോദിക്കുമോ..? പ്രസവിക്കാതെ മൂന്ന് മക്കളുടെ ഉമ്മയാകാന്‍ അവളെക്കൊണ്ട് പറ്റുമോന്ന്…
മോനേ റിയാസേ….
വെറുതെ പറഞ്ഞതല്ല..
കാര്യമായിട്ടാണ്..
നിങ്ങള്‍ അവളോട് ചോദിച്ചിട്ട് വിവരം തന്നാല്‍ മതി..
കണ്ണുനീര് തുടച്ചുകൊണ്ട് അബ്ദു വീട്ടിലേക്ക് നടന്നു…
ഉപ്പയുടെ കണ്ണീര് കണ്ട് സമ്മതം മൂളുമ്പോള്‍ ഉമ്മുകുല്‍സുവിന്റെ മനസ്സില്‍ ഒരു ചിന്തയേ ഉണ്ടായിരുന്നോള്ളു..
നരഗഭയം കൊണ്ട് മാത്രം ജീവിതം അവസാനിപ്പിക്കാത്ത എനിക്ക് എവിടെയായാലും ഒരു പോലെയാണ്.. സ്വപ്നങ്ങളും മോഹങ്ങളും മണ്ണിട്ടു മൂടിയ എനിക്കിനി എന്ത് ഭര്‍ത്താവ്. എന്ത് മക്കള്‍..
വീട്ടുകാര്‍ക്ക് ഞാനൊരു ഭാരമാണെന്ന് തോന്നിത്തുടങ്ങിയെങ്കില്‍ ഇനി ഞാനൊരു ശല്യമാവുന്നില്ല.. അവരുടെ ഇഷ്ട്ടം നടക്കട്ടെ.. ഒരു വേലക്കാരിയായി ഇനിയുള്ള ജീവിതം അവിടെ തീര്‍ക്കാം..
അങ്ങനെ ചെറിയൊരു ചടങ്ങോടെ അവരുടെ നിക്കാഹ് നടന്നു..
അലങ്കാരങ്ങളും ആഘോഷങ്ങളുമില്ലാത്ത ആദ്യരാത്രിയില്‍ റിയാസിന് ഒരുപാടുണ്ട് പറയാനുണ്ടായിരുന്നു..
തന്റെ മക്കളുടെ ശീലങ്ങളെക്കുറിച്ച്.
അവരുടെ രീതികളെക്കുറിച്ച്..
പറക്കമുറ്റാത്ത മൂന്ന്
മക്കളെ തന്റെ കയ്യിലേല്‍പിച്ച് തന്നെ ഒറ്റക്കാക്കി ദൈവ വിളിക്കുത്തരം നല്‍കിയ തന്റെ പ്രിയതമയെക്കുറിച്ച്…
സുലുവിനെക്കുറിച്ച് പറയുമ്പോഴെല്ലാം റിയാസിന്റെ കണ്ഠമിടറുന്നത് ഉമ്മു കുല്‍സു അറിയുന്നുണ്ടായിരുന്നു.. റിയാസിന്റെ ഒരോ വാക്കുകളിലും സുലുവിനോടുള്ള സ്നേഹത്തിന്റെ ആഴം അവള്‍ തിരിച്ചറിയുകയായിരുന്നു…
മരിച്ചു പോയ ഭാര്യയെ ഒാര്‍ത്ത് കരയുന്ന
ഒരു പുരുഷനെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ ഉമ്മുകുല്‍സു കണ്ണുകളടച്ച് തിരിഞ്ഞു കിടന്നു…
ഉറവ വറ്റിയ തന്റെ കണ്ണില്‍ നിന്നും വീണ്ടും കണ്ണുനീര്‍ ഒലിച്ചിറങ്ങിയത് ആശ്ചര്യത്തോടെയാണ് അവള്‍ തുടച്ചു നീക്കിയത്…
മരവിച്ച തന്റെ മനസ്സിന് ഇളക്കം വെച്ചതും അത് ഒരു വിങ്ങലായി പുറത്ത് വരുന്നതും അവളറിഞ്ഞു….
കാലത്ത് അഞ്ച് മണിക്ക് റിയാസിന്റെ മൊബൈലിലെ അലാറം കേട്ടാണ് ഉമ്മുകുല്‍സു ഉണര്‍ന്നത്..
നമസ്ക്കാരവും കഴിഞ്ഞ് അടുക്കളയിലേക്ക് ചെന്നപ്പോള്‍ അവിടെ ഭക്ഷണമുണ്ടാക്കുന്ന തിരക്കിലാണ് റിയാസ്..
കുറച്ച് സമയം എന്ത് ചെയ്യണമെന്നറിയാതെ നിന്നു..
നീ ചെന്ന് മക്കളെ വിളിച്ച് ഉണര്‍ത്തൂ…
എന്ന് കേട്ടതും അവളൊന്ന് മൂളിക്കൊണ്ട് അകത്തേക്ക് പോയി..
അവള്‍ ഒാരോരുത്തരെ തട്ടിവിളിച്ചു..
മൂത്തവള്‍ ഫര്‍സാന ചാടിയെഴുന്നറ്റ് താഴെയുള്ളവരെയും എഴുന്നേല്‍പിച്ച് അവരുടെ കയ്യും പിടിച്ച് ഒന്നും മിണ്ടാതെ ബാത്റൂമിലേക്ക് കൊണ്ടുപോയി…
സ്ക്കൂളിലേക്ക് പോകാന്‍ താഴെയുള്ളവരെ ഒരുക്കിയും ഭക്ഷണം കഴിപ്പിച്ചും ഫര്‍സാന തന്നെ എല്ലാ ജോലികളും ചെയ്തു തീര്‍ക്കുന്നു….
എന്ത് ചെയ്യണമെന്നറിയാതെ
ഉമ്മുകുല്‍സു വിയര്‍ത്തു…
അവള്‍ ഫര്‍സാനയുടെ തോളില്‍
കൈവെച്ച് പറഞ്ഞു..
മോളേ…നീ പോയി ഡ്രസ്സ് മാറിക്കോളൂ..
ഇവര്‍ക്ക് ഞാന്‍ മാറ്റിക്കൊടുത്തോളാം…
ഞങ്ങളുടെ കാര്യം നോക്കാന്‍ ഞങ്ങള്‍ക്കറിയാം… ഞങ്ങളുടെ അടുത്ത് ഉമ്മ ചമയാന്‍ ആരും വരണ്ട…
ഇത് കൂടി കേട്ടപ്പോള്‍ അവള്‍ക്കുറപ്പായി.. ഞാനവരുടെ മനസ്സിലൊരു അതികപ്പറ്റാണെന്ന്..
ഇവിടെയും തനിക്ക് സങ്കടങ്ങളേ വിധിച്ചിട്ടൊള്ളൂ എന്ന് ഉമ്മുകുല്‍സു തിരിച്ചറിഞ്ഞു…
ആരുടേയും ഉപദേശങ്ങള്‍ ചെവിക്കൊള്ളാതെയും അടുക്കാന്‍ ശ്രമിക്കുന്ന താഴെയുള്ള കുട്ടികളെ വിലക്കിയും ഫര്‍സാന വാശി തുടര്‍ന്നു ..
ഒരു മാറ്റവുമില്ലാതെ ദിവസങ്ങള്‍ കൊഴിഞ്ഞു കൊണ്ടേയിരുന്നു…
മനസ്സില്‍ മണ്ണിട്ടുമൂടിയിരുന്ന തന്റെ മാതൃഹൃദയത്തിന്റെ വിങ്ങല്‍ കണ്ണീരിലൂടെ ഒഴുക്കിക്കൊണ്ടിരുന്നു ഉമ്മുകുല്‍സു …
അവളത് റിയാസിനോട് തുറന്ന് പറഞ്ഞു…
ഇനി വയ്യ സഹിക്കാന്‍…
ഇനിയും ഞാനിവിടെ നിന്നാല്‍ ഭ്രാന്തിയായിപ്പോകും..
മക്കളെയൊന്ന് ചേര്‍ത്ത് നിര്‍ത്താന്‍ ഒരുമ്മ കൊടുക്കാന്‍ കൂടെ കിടത്താന്‍ കൊതിച്ച് ഞാന്‍ വീര്‍പ്പ് മുട്ടുകയാണ്…
നമ്മുടെ ചെറിയ മോള് പോലും എന്നോടൊന്ന് മിണ്ടുന്നു പോലുമില്ല..
ഇനി വയ്യ ഇക്കാ…
എന്നെ വീട്ടിലേക്ക് കൊണ്ട് വിടൂ…
ഞാനെന്ത് ചെയ്യും ഉമ്മുകുല്‍സൂ…
ഞാനൊരുപാട് പറഞ്ഞു നോക്കി… ശകാരിച്ചു നോക്കി..
ഉപ്പച്ചിക്കും ഞങ്ങളോട് സ്നേഹമില്ലാതായി എന്നാണവര്‍ പറയുന്നത്..
അവരുടെ സന്തോഷം മാത്രമെ ഞാനുദ്ധേശിച്ചിരുന്നൊള്ളു.. അല്ലാതെ ഒരു പെണ്ണിനോടുള്ള മോഹം കൊണ്ടായിരുന്നില്ല നിന്നെ കെട്ടിയത്..
അവര്‍ക്ക് നിന്നെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ ഞാനെന്ത് ചെയ്യും….
ഉമ്മുകുല്‍സു വീട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങള്‍ നടത്തുമ്പോഴും
മക്കളത് കണ്ട ഭാവം നടിച്ചില്ല…
യാത്ര പറഞ്ഞ് ഇറങ്ങുമ്പോള്‍ ഉമ്മുകുല്‍സുവിന്റെ കണ്ണില്‍ നിന്നും കണ്ണീര്‍ ധാരധാരയായി ഒഴുകി..
മുറ്റത്തേക്കിറങ്ങിയതും ഫര്‍സാനയുടെ കരച്ചില്‍ കേട്ട് അവള്‍ അകത്തേക്കോടി…
ബാത്റൂമിന്റെ പുറത്ത് പടിഞ്ഞിരിക്കുന്ന അവളെ എഴുന്നേല്‍പിക്കാന്‍ ശ്രമിച്ചു കൊണ്ട് അവള്‍ ചോദിച്ചു…
എന്ത് പറ്റി മോളേ…
അത്…..
ഉമ്മുകുല്‍സുവിന് കാര്യം പിടികിട്ടി…
അവള്‍ റിയാസിനോട് പഞ്ഞു…
നിങ്ങള് കുട്ടികളേയും കൂട്ടി ഒന്ന് പുറത്തേക്ക് പോകൂ….
അവള്‍ ഫര്‍സാനയെ നെഞ്ചിലേക്ക് ചേര്‍ത്ത് നിറുത്തി പറഞ്ഞു..
മോള് പേടിക്കണ്ടട്ടോ…
ഇത് എല്ലാ സ്ത്രീകള്‍ക്കും ഉണ്ടാകുന്നതാണ്…
ഇപ്പോള്‍ നീയൊരു വലിയ പെണ്ണായി..
ഉമ്മുകുല്‍സു അവളുടെ നെറ്റിയില്‍ ചുംമ്പിച്ചു..
തുടര്‍ കാര്യങ്ങളൊക്കെ ചെയ്തു കൊടുക്കുമ്പോഴും ഉപദേശങ്ങള്‍ നല്‍കുമ്പോഴും ഉമ്മുകുല്‍സു ഒരു തികഞ്ഞ ഉമ്മയായി മാറുകയയിരുന്നു….
തന്റെയും അനിയത്തിമാരുടേയും കാര്യങ്ങള്‍ ചെയ്ത് കൂട്ടാന്‍ ഒടി നടക്കുന്ന ഉമ്മുകുല്‍സുവിനെ കാണുമ്പോള്‍ അറിയാതെ ഒരിഷ്ടം ഫര്‍സാനയുടെ മനസ്സില്‍ മുള പൊട്ടിക്കൊണ്ടിരുന്നു..
ഫര്‍സാന ഒാര്‍ക്കുകയായിരുന്നു തന്റെ കൂട്ടുകാരികളുടെ വാക്കുകള്‍…
എടീ രണ്ടാനമ്മ ഉപദ്രവിക്കും. ഉപ്പാനെ മക്കളില്‍ നിന്നകറ്റും. നിന്നെയും അനിയത്തികളെയും കഷ്ടപ്പെടുത്തും…
കൂട്ടുകാരുടെ വാക്ക് കേട്ട് ഈ പാവത്തിനെ വേദനിപ്പിച്ചല്ലോ എന്നോര്‍ത്ത് അവള്‍ സങ്കടപ്പെട്ടു..
ഫര്‍സാന പതുക്കെ റൂമിലേക്ക് ചെന്നു.. തന്റെ അനിയത്തിമാരെ മടിയിലിരുത്തി കൊഞ്ചിക്കുന്ന ഉമ്മുകുല്‍സുവിനെ അവള്‍ നിറകണ്ണുകളിലൂടെ നോക്കിനിന്നു..
അവള്‍ കാണുകയായിരുന്നു ഉമ്മുകുല്‍സു വില്‍ തന്റെ മരിച്ചു പോയ ഉമ്മച്ചിയുടെ മുഖം…
പിടിച്ചു നില്‍ക്കാനാവാതെ അവള്‍ ഒാടിച്ചെന്ന് അവരെ കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ട് വിളിച്ചു ഉമ്മാ…..
ആ വിളി കേള്‍ക്കാള്‍ കൊതിച്ച് വീര്‍പ്പ് മുട്ടുകയായിരുന്ന ഉമ്മുകുല്‍സു മക്കളെ മറിലേക്ക് വലിച്ചടുപ്പിച്ച് വാവിട്ടു കരഞ്ഞു..
ഇതെല്ലാം കണ്ട് കൊണ്ട് കണ്ണീരോടെ റിയാസ് വീട്ടില്‍ നിന്നിറഞ്ഞി നടന്നു പള്ളി ലക്ഷ്യം വെച്ച് കൊണ്ട്..
സുലുവിന്റെ ഖബറിന്റെ അടുത്തേക്ക്….
സുലുവിനോട് എല്ലാം പറയണം.. മരിക്കുന്ന സമയത്ത് അവളുടെ സങ്കടം മക്കളെ കുറിച്ചായിരുന്നല്ലോ..
ഉമ്മുകുല്‍സുവിന്റെ രൂപത്തില്‍ നീ പുനര്‍ജനിച്ചിട്ടുണ്ടെടീ എന്ന് പറയണം…
അവളായിരിക്കും ഇതില്‍ ഏറ്റവും സന്തോഷിക്കുന്നത്..
റിയാസ് നടത്തത്തിന് സ്പീഡ് കൂട്ടി…