Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

മമ്മേടെ വയറ്റത്തെന്താ ഇത്രേം വല്യപാട്.. പപ്പ തല്ലിതാ..? സമർപ്പണം – അമ്മക്ക് , ഭാര്യക്ക് , സ്ത്രീക്ക്.

മമ്മാ …

എന്താ പൊന്നുസേ..

ഞാനൊരുകാര്യം ചോയ്ക്കട്ടെ .

മ്മ്മ് .. മോള് ചോദിച്ചോട്ടാ..

മമ്മേടെ വയറ്റത്തെന്താ ഇത്രേം വല്യപാട്.. പപ്പ തല്ലിതാ..

അല്ലാടി കുറുമ്പത്തി.. മോൾടെ പപ്പാ പാവല്ലേ , അമ്മേനെ തല്ലാറില്ലല്ലോ ..

അപ്പൊ അതെന്താ .. , മമ്മ കുറുമ്പിടത്തട്ട് പൊട്ടിതാണോ . .

അല്ലെടീ അതൊരു ഡോക്ടറങ്കിൾ മുറിച്ചതാ .

അച്ചോ , അതെന്തിനാ ഡോട്ടറങ്കിൾ മമ്മേടെ വയറ്റത്ത് മുറിച്ചു ..

അതോ , നീമമ്മേടെ വയറ്റിലാരുന്നു.. നിന്നെ പൊറത്തെടുക്കാൻ മുറിച്ചതാ ..

 


അതിനു , ഞാൻ വല്ലിതല്ലേ .. പിന്നെങ്ങനാ മമ്മേടെ കുഞ്ഞി വയറില് കെടക്കാ..

മമ്മേടെ വയറ്റിക്കെടക്കുമ്പോ നീ ഇച്ചിക്കോളാം ഉണ്ടായിരുന്നുള്ളു .. ഒരു പൊട്ടിന്റെ അത്രേം .. പിന്നെ അവടെക്കെടന്ന് വലിതായി , കിൻഡർ ജോയിടെ അത്രായി , എലിക്കുഞ്ഞിന്റെ അത്രായി… പിന്നേം വലിതായി, അപ്പൊ ഡോട്ടറങ്കിൾ പറഞ്ഞു നിന്നെ പൊറത്തെടുക്കാന്ന്..

മമ്മക്ക് അറിയാരുന്നോ ഞാനാ വയറില് കെടക്കണെന്ന്..

മമ്മക്ക് അറിയില്ലാരുന്നു , പക്ഷെ ഒന്നറിയാരുന്നു.. ഉള്ളില് കേടക്കണത് വല്യ കുറുമ്പനോ അതോ കുറുമ്പത്തിയൊ ആന്ന് ..

ഞാൻ വയറ്റിലാരുന്നപ്പോഴും കൊറേ കുറുമ്പ് ഇടുക്കാറുണ്ടാ ..അപ്പോ മമ്മക്കെന്നോട് ദേഷ്യം തോന്നാറുണ്ടാ ..

ആദ്യം നീയെന്റെ വയറ്റിലുണ്ടെന്ന് അറിഞ്ഞപ്പോ വല്യ സന്തോഷാരുന്നു .. പക്ഷെ കൊറച്ചു ദെവസം കഴിഞ്ഞപ്പോ മമ്മക്ക് ഇച്ചിരിയൊക്കെ ദേഷ്യം തോന്നി .. ഒന്നും കഴിക്കാൻ പറ്റില്ല , കഴിക്കണതൊക്കെ ശർദ്ധിക്കും.. ന്നാലും മമ്മ കഴിക്കും.. കഴിക്കണതൊക്കെ നീ വലിച്ചെടുതു .. അപ്പോ അമ്മയാകെ ക്ഷീണിച്ചു

അന്നൊക്കെ ഞാൻ കൊറേ പാപ്പം തിന്നാറണ്ട്ല്ലേ ..

മ്മ്മ് .. വല്യ കൊതിച്ചിയായിരുന്നു നീ , ഇപ്പളാ ഒന്നും തിന്നാണ്ടായത് .. കൊറച്ചു നാളൂടെ കഴിഞ്ഞപ്പോ നിന്റെ കുറുമ്പ് കൂടി .. വയറ്റിക്കേടന്ന് ചാടാനും മറയാനും തൊടങ്ങി .. ഇടക്കിടക്ക് നിന്റെ തലകൊണ്ടുവന്ന് വയറ്റില് ഇടിക്കും .. പുഴുവിനെപ്പോലെ കെടന്നു ഞൊളക്കും ..

 

അപ്പോ , ഞാനിടിക്കുമ്പോ മമ്മക്ക് വേദനിണ്ടാവില്ലേ..

ഇല്ല പൊന്നുസേ , അമ്മക്ക് കൊറേ സന്തോഷവും നിന്റെ കളികാണുമ്പോൾ .. പപ്പാനേ വിളിച്ചു കാണിക്കും നീ കളിക്കണത്.. അപ്പോ പപ്പ നിന്നെ തൊട്ടുനോക്കും, ഉമ്മേം തരും നിനക്ക് ..

അതൊക്കെ കഴിഞ്ഞു കൊറേ നാളിടുത്തോ ഞാൻ പൊറത്തുവരാന്..

കൊറച്ചൂടെ , മാസം കഴിഞ്ഞട്ടോ.. മമ്മേടെ വയറിങ്ങനേ വീർത്തു വീർത്തുവന്നു .. ബലൂണ് പോലെ .. ഓരോസം രാത്രി അമ്മക്ക് ഭയങ്കര വേദന വന്നു . പപ്പ മമ്മേനേം കൊണ്ട് ഡോക്ടറങ്കിളിന്റെ അടുത്തേക്ക് പോയി .. അമ്മേടെ മാലേം കമ്മലൊക്കെ ഊരിമാറ്റി ..ഒരു ചെറിയ ഉടുപ്പുമാത്രം ഇട്ടിട്ടു കെടത്തി.. നീ പൊറത്തു വരൻ വേണ്ടി മരുന്നൊക്കെ കുത്തിവച്ചു .. പക്ഷെ നീ വന്നില്ല, മമ്മ കൊറേ കരഞ്ഞു വിളിച്ചിട്ടും നീ വന്നില്ല ..

മമ്മയപ്പോ, ശരിക്കും കരഞ്ഞോ ..

ശരിക്കും കരഞ്ഞു .. പപ്പനേം അമ്മാമ്മേനേം അവടെ നിന്ന നേഴ്സ് ആന്റിനേം എല്ലാരേം ചീത്തപറഞ്ഞു ..ഞാനിപ്പോ ചാവും , എനിക്കിനി വയ്യ , എന്നെ വേഗം ഓപ്പറേഷൻ ചെയ്യൂ എന്നൊക്കെ ഉറക്കെ വിളിച്ചുപറഞ്ഞു ..

അത്രക്ക് , വേദനിപ്പിച്ചല്ലേ ഞാൻ മമ്മയെ , സോറി മമ്മാ ..

സാരല്യ , മോളത് അറിഞ്ഞൂണ്ടല്ലല്ലോ.. മമ്മയിങ്ങനെ കരഞ്ഞിട്ടും ഡോക്ടറങ്കിൾ സമ്മതിച്ചില്ല .. പുഷ് പുഷ് എന്നൊക്കെ പറഞ്ഞു .. അമ്മയെന്തോരം പുഷ് ചെയ്തട്ടും നീ എറങ്ങി വന്നില്ല.. ഉള്ളിലങ്ങനെ സുഖിച്ചു കെടന്നു .. കൊറേക്കഴിഞ്ഞപ്പോ മമ്മ തളർന്നു .. അപ്പോഡോക്ടറങ്കിൾ നോക്കിയിട്ട് പറഞ്ഞു ഇനി ഓപ്പറേഷൻ ചെയ്യാമെന്ന് ..

 

അങ്ങനെ മുറിച്ചപ്പളാണോ ഈ പാടുണ്ടായത് .. മമ്മക്ക് കൊറേ വേദന ഇണ്ടായോ മുറിച്ചപ്പോ ,,

അമ്മേനെ ഇങ്ങനെ കെടത്തി .. ഡോക്ടറങ്കിൾ ഇഞ്ചക്ഷൻ കുത്തി .. പിന്നെ അമ്മക്ക് ഓർമില്ല .. ഓര്മ വരുമ്പോ നീയെന്റെ അടുത്ത് കെടക്കാണ്.. കവിളൊക്കെ ചൊവന്നു കൊറച്ചുമാത്രം കണ്ണൊക്കെ തൊറന്ന് ഇങ്ങനെ ബൊമ്മക്കുട്ടിടെ പോലെ .. നേഴ്സ് ആന്റി നിന്നെ മമ്മേടെ അടുത്തേക്ക് ചേർത്ത് കിടത്തി .. മമ്മ പതുക്കെ നിന്റെ തലയില് തലോടി നെറ്റിയിൽ ഒരുമ്മ തന്നു .. അന്നുവരെയുള്ള എല്ലാ വേദനയും നിന്നെക്കണ്ടപ്പോൾ മമ്മ മറന്നു..നീആദ്യമായി മമ്മേടെ മാമം കുടിച്ചപ്പോ മമ്മ സന്തോഷം കൊണ്ട് കരഞ്ഞു ..
മുറിവിന്നു കൊറേ രക്തമൊക്കെ പോകുന്നുണ്ടായിരുന്നു .. പക്ഷെ മമ്മയതൊന്നും ശ്രദ്ധിച്ചില്ല .. മോളെ മാത്രം നോക്കിക്കൊണ്ടു കെടന്നു ..

അത്രക്ക് ഇഷ്ടാണോ , മമ്മക്കെന്നെ .. എന്നട്ടെന്തിനാ എന്നെയിപ്പോ തല്ലാറു ..

അതോ സ്നേഹം ഉണ്ടായിട്ട് , കൊറേ കുറുമ്പിടുത്താൽ അമ്മമാര് തല്ലും , ദേഷ്യപ്പെടും അത് കൊറേ സ്നേഹം ഒള്ളതോണ്ടാട്ടാ പൊന്നുസേ ..

മമ്മാ, ഒരു സംശയം കൂടെ ..

മ്മ്മ് .. മോള് ചോദിക്ക് ..

മുഖത്തു പാടുവന്നപ്പോ മമ്മത് മരുന്നുവെച്ചു മാറ്റി.. ഈ വയറ്റിലെ പാടും മരുന്ന് വെച്ച് മാറ്റിക്കൂടെ ..

അത് മമ്മക്ക് മാറ്റേണ്ട, അത് മമ്മേടെ മോളാ, മോളെത്ര അകലെയായാലും ആ പാടുകാണുമ്പോൾ എനിക്ക് മോളെ ഓർമ്മവരും , ആ പാടിൽതൊട്ടാൽ നിന്നെ തൊടുന്നപോലെയാ, ആ പാടവിടെയുള്ളപ്പോൾ എന്റെ മോളെന്റെ കൂടെയുള്ളപോലെയാ .. നീയെത്ര വലുതായാലൂം ..

 

മമ്മാ …

മ്മ്മ് ..ന്താ പൊന്നുസേ..

മമ്മക്കെന്നാല് ഞാനൊരു ഉമ്മതരട്ടെ .. ആ പാടില് ..

മ്മ്മ് …താ …

ഉമ്മാ…..

സമർപ്പണം:- അമ്മക്ക് , ഭാര്യക്ക് , സ്ത്രീക്ക്…..

 

കടപ്പാട് : ആന്റണി അന്തപ്പൻ (എന്റെ തൂലിക..📝)

You may also like...

Leave a Reply

Your email address will not be published. Required fields are marked *