അമ്മയെ പറയുമ്പോള്‍ ആയിരം നാവാണ് നമുക്ക് എന്നാല്‍ അച്ഛനെ പറയുമ്പോള്‍ എന്ത് കൊണ്ടോ വാക്കുകള്‍ കുറഞ്ഞു പോകുന്നു
അമ്മയെ പറയുമ്പോള്‍ ആയിരം നാവാണ് നമുക്ക്
എന്നാല്‍ അച്ഛനെ പറയുമ്പോള്‍ എന്ത് കൊണ്ടോ വാക്കുകള്‍ കുറഞ്ഞു പോകുന്നു .
എന്താവാം കാരണം ?
അമ്മ ആര്‍ദ്രമായ ഒരു വികാരമാണെങ്കില്‍
അച്ഛന്‍ പരുഷമായ ഒരു വിചാരമാണ്
അമ്മയ്ക്കൊക്കില്ല അച്ഛന്‍
അച്ഛന് ഒക്കില്ല അമ്മ
എങ്കിലും അമ്മയോടാവും ഭൂരിഭാഗം ആളുകള്‍ക്കും ഒരു പണത്തൂക്കം സ്നേഹം കൂടുതല്‍
പ്രവാചകനോട് ഒരാള്‍ ചോദിച്ചു :
എനിക്ക് ആരോടാണ് കൂടുതല്‍ കടപ്പാടുള്ളത് ?
പ്രവാചകന്‍ പറഞ്ഞു :
ഉമ്മയോട്
പിന്നെയോ ?
ഉമ്മയോട്
പിന്നെയോ ?
ഉമ്മയോട്
മൂന്നു വട്ടമാണ് ഉമ്മ എന്ന് പറഞ്ഞത്
ശരിയാണ് അച്ഛന്‍ നമ്മെ വളര്‍ത്താന്‍ ഒരുപാട് ത്യാഗം സഹിച്ചിട്ടുണ്ട് , അധ്വാനിച്ചിട്ടുണ്ട് , വിയര്‍പ്പൊഴുക്കിയിട്ടുണ്ട് . വിഷമതകള്‍ അനുഭവിച്ചിട്ടുണ്ട് .
അതൊന്നും പക്ഷേ ഒരമ്മ അനുഭവിച്ചതിന്റെ അരികില്‍ പോലും എത്തില്ല
അച്ഛന്റെ നെഞ്ചത്ത് കിടന്നിട്ടുണ്ടാവും
കെട്ടിപ്പിടിച്ചു ഉറങ്ങിയിട്ടുണ്ടാവും
എന്നാല്‍ ജനിക്കും മുമ്പേ അമ്മയുടെ അകത്താണ് മകന്‍ / മകള്‍ വളരുന്നത് . അമ്മ കഴിക്കുന്നതില്‍ നിന്ന് പാതിയാണ് കുട്ടി കഴിക്കുന്നത് . അമ്മയുടെ കൊച്ചു ലോകത്ത് നിന്നാണ് വിശാലമായ ലോകത്തേക്ക് വരുന്നത്. ജനിക്കും മുമ്പ് തന്നെ അമ്മയെ ആശ്രയിച്ചാണ് കുട്ടി വളരുന്നത് .
ജനിച്ചു വീണാലോ അപ്പോഴും അമ്മയില്‍ നിന്നാണ് കുട്ടി ദാഹം തീര്‍ക്കുന്നത് , വിശപ്പ് മാറ്റുന്നത് . പൊക്കിള്‍ക്കൊടി ബന്ധം അമ്മയോടാണ് .
ലോകത്തു കുടിക്കാന്‍ പറ്റിയ ഒരു പാട് പാലുകളുണ്ട്.
മൃഗങ്ങള്‍ ഉത്പാദിപ്പിക്കുന്ന നല്ല പ്രോട്ടീനും വിറ്റാമിനുകളും സമീകൃത വുമായ പാലുകള്‍
പക്ഷേ അതിലൊന്നും ഇല്ലാത്ത , കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ ഒരു ഘടകം പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന ഒരു പാലിലും ഇല്ല
അത് അമ്മയില്‍ നിന്ന് ലഭിക്കുന്ന പാലിലെ യുള്ളൂ
ആ ഘടകമാണ് വാത്സല്യം ..
അമ്മ പ്രിയപ്പെട്ടവള്‍ ആകുന്നത് ഇത് കൊണ്ടൊക്കെ തന്നെയാണ് .
കുട്ടി മൂത്രമൊഴിക്കുന്നതും അപ്പിയിടുന്നതും അമ്മയെ തെല്ലും അനിഷ്ടപ്പെടുത്തുന്നില്ല . ഉറക്കം മുറിഞ്ഞാല്‍ പോലും അമ്മ അസ്വസ്ഥ യാവുന്നില്ല . ഇത്തരം അവസരങ്ങളിലൊക്കെ അമ്മയുടെ സ്ഥാനം
ഒരിക്കലും അച്ഛന് ആലോചിക്കാന്‍ പോലും കഴിഞ്ഞോളണം
എന്നില്ല .
അതെ , അത് കൊണ്ടൊക്കെയാണ് അമ്മ ഒരു വികാരമാകുന്നത്
അച്ഛന്‍ ഒരു വിചാരവും !!
ഇന്നത്തെ മധ്യ വയസ്സ് പിന്നിട്ട പല മക്കള്‍ക്കും അച്ഛന്‍ പേടിപ്പെടുത്തുന്ന ഒരാളാണ് . വല്ലാതെ സംസാരിക്കാത്ത , തോളില്‍ കയ്യിട്ടു സംസാരിക്കാത്ത , കൂടെ ഭക്ഷണം കഴിക്കാത്ത , ഒന്നിച്ചു വിനോദങ്ങളില്‍ ഏര്‍പ്പെടാത്ത ഭക്ത്യാദര ബഹുമാനങ്ങളോടെ കാണേണ്ട ഒരാള്‍ .
അദ്ദേഹത്തിനു വലിയ സ്നേഹമുണ്ടാകും മനസ്സില്‍ . പക്ഷേ അയാള്‍ അത് മക്കളുടെ മുമ്പില്‍ പ്രകടിപ്പിക്കില്ല .
പരുഷ പ്രകൃതമാണ് അന്നത്തെ മിക്ക അച്ഛന്മാരുടെയും
സ്ഥായിയായ ഭാവം
സ്വന്തം കാര്യം പോലും നേരെ ചൊവ്വേ അച്ഛനോട് പറയാതെ അമ്മ വഴി പറഞ്ഞിരുന്ന മക്കളായിരുന്നു അക്കാലത്തെ മിക്ക മക്കളും അപവാദങ്ങള്‍ ഇല്ല എന്നല്ല ഭൂരിഭാഗവും അത്തരക്കാര്‍ ആയിരുന്നു
ഒരു പക്ഷേ അച്ഛനെ പേടിച്ചു വേണം മക്കള്‍ വളരാന്‍ എന്നും പേടിയില്ലെങ്കില്‍ കുട്ടികള്‍ മോശമാകുമെന്നും വഴി തെറ്റുമെന്നും ഒക്കെ അവര്‍ ഭയപ്പെട്ടിട്ടുണ്ടാകണം .
ഗോഡ് ഫാദറിലെ ‘അഞ്ഞൂറാനെ പോലെ ആയിരുന്നു അക്കാലത്തെ മിക്ക അച്ഛന്മാരും . അവരുടെ ശബ്ദം പോലും മക്കളില്‍ പേടി വിതക്കും . ടെലഫോണില്‍ ദൂരെ നിന്ന് സംസാരിക്കുകയാണ് എങ്കിലും അങ്ങേ തലക്കല്‍ അച്ഛനാണ് എന്ന് അറിയുമ്പോള്‍ സിഗരറ്റ് അറിയാതെ കുത്തി ക്കെടുത്തി പോകുന്ന മകന്‍ .
പക്ഷേ ഇത്തരം പരുഷ പ്രകൃതക്കാരായ അച്ഛന്മാരുടെ മക്കള്‍
അച്ഛന്മാരായി മാറിയപ്പോള്‍ മഞ്ഞുരുകുന്നതാണ് പിന്നെ കാണുന്നത് തങ്ങള്‍ക്കു ലഭിക്കാതെ പോയ അച്ഛന്‍ സ്നേഹം തന്റെ മക്കള്‍ക്ക് അളവിലധികം വാരിക്കോരി കൊടുക്കുന്ന അച്ഛന്മാരെയാണ് പിന്നെ കാണുന്നത് .
വിനോദങ്ങളില്‍ മാത്രമല്ല എല്ലാ വിഷയങ്ങളിലും അച്ഛനും മക്കളും ഒന്നിച്ചു എന്ന അവസ്ഥ വന്നു . ‘വീണ്ടും ചില വീട്ടുകാര്യങ്ങ’ളിലെ അച്ഛനും മകനും ആയി ബഹുഭൂരിഭാഗം അച്ഛനും മക്കളും
അതിരുകളോ വിലക്കുകളോ ഇല്ലാത്ത ബന്ധം പോയിപ്പോയി ഒന്നിച്ചു കുടിക്കുന്ന അച്ഛനും മകനും വരെ എത്തി !!!
ഒരു കാലത്ത് തീരെ സ്നേഹം പ്രകടിപ്പിക്കാതെ പോയതായിരുന്നു പ്രശ്നമെങ്കില്‍ പില്‍ക്കാലത്ത് പിശുക്കില്ലാതെ പരിധിയില്ലാതെ സ്നേഹം കൊടുത്തു .
അന്ന് പ്രകടിപ്പിക്കാതെ പോയ സ്നേഹമാണ് പ്രശ്നമായത് എങ്കില്‍ ഇന്ന് അതിര് കവിഞ്ഞ സ്നേഹവും അതിര് വിട്ട ലാളനയും ആണ് പ്രശ്നമായി മാറുന്നത് .
അച്ഛനെ പോലും പേടിയില്ലാത്ത മക്കളാണ് ഇന്ന് ഭൂരിഭാഗവും .
തനിക്ക് പേടിക്കാന്‍ ആരുമില്ലാതെ വരുമ്പോള്‍ എന്തും ഏതും ചെയ്യാനുള്ള ഒരു ത്വര കുട്ടികളില്‍ ഉണ്ടാകുന്നു .
അധികമായാല്‍ എന്തും അപകടമാണ്
മിത നിലയാണ് എല്ലാ കാര്യത്തിലും എന്ന പോലെ കുട്ടികളോടുള്ള
സമീപനത്തിലും വേണ്ടത് . ബഹുമാനവും ആദരവും സ്നേഹവും പേടിയും കൂടിക്കര്‍ന്ന പിതാവിനെ മക്കളെ നിര്‍ത്തേണ്ടിടത്തു നിര്‍ത്താനും നിലക്ക് നിര്‍ത്താനും സാധിക്കൂ .
പിതാവും മക്കളും തമ്മിലുള്ള ബന്ധത്തില്‍ അടിമുടി മാറ്റം വന്നപ്പോഴും അമ്മയും മക്കളും തമ്മിലുള്ള ബന്ധം അന്നും ഇന്നും ഒരു പോലെയാണ് എന്നതാണ് ഇതിലെ ഏറ്റവും ശ്രദ്ധേയമായ സംഗതി
ഭാര്യ ഭര്‍തൃ ബന്ധങ്ങളില്‍
സഹോദര ബന്ധങ്ങളില്‍
ഗുരു ശിഷ്യ ബന്ധങ്ങളില്‍ ഒക്കെ വലിയ മാറ്റം വന്നു .
അപ്പോഴും അമ്മയും മക്കളും പഴയ പോലെ തന്നെ
അതെ , അമ്മ എന്ന വികാരം അന്നും ഇന്നും എന്നും ഒരു പോലെയാണ് !!
അമ്മയുടെ പാദാരവിന്ദങ്ങള്‍ക്ക് കീഴെയാണ് സ്വര്‍ ഗം എന്ന് നബി തിരുമേനി പറഞ്ഞത് വെറുതെയല്ല !!അമ്മയെ പറയുമ്പോള്‍ ആയിരം നാവാണ് നമുക്ക്
എന്നാല്‍ അച്ഛനെ പറയുമ്പോള്‍ എന്ത് കൊണ്ടോ വാക്കുകള്‍ കുറഞ്ഞു പോകുന്നു
Usman Iringattiri