“ടീച്ചർ കാണാൻ സുന്ദരിയാണൊ…….. ?” “അല്ലെടോ അപ്പൊ സ്കൂളിൽ വെച്ചും ടീച്ചർ മുഖം തുറക്കില്ലെ… ?”
“അടിവസ്ത്രമായി ഉപയോഗിക്കുന്ന ലഗിൻസ് വലിച്ചു കയറ്റി ശരീരത്തിന്റെ അളവും മുഴുപ്പും കാണിക്കുന്ന ഡ്രെസ്സ് ഇടുന്ന പെണ്ണിനും സാരിയോ ചുരിദാറോ ഇനി ശരീരം കാണാത്ത പർദ്ദ ഇടുന്ന പെണ്ണിനായാലും പീഡനത്തിന് കുറവൊന്നും കാണില്ല.ഏത് ഡ്രസ്സിന്റെ പേരിലാണ് പിഞ്ചു കുട്ടിയെ മുതൽ വൃദ്ധകളെ വരെ പീഡിപ്പിക്കുന്നത്. അപ്പോൾ ഒരു കാര്യം ഉറപ്പാണ് ഡ്രെസ്സ് അല്ല പ്രശ്നം. മാറേണ്ടത് വെറി പൂണ്ട മനസ്സാണ്. ആർക്കും ഇഷ്ടമുള്ള ഡ്രെസ്സ് ധരിക്കാൻ അവകാശമുണ്ട് ”
മഹിളാസംഗമത്തിലെ പ്രസംഗത്തിൽ കേട്ട വാക്കുകൾ ശെരിയാണെന്നു എനിക്കും തോന്നുന്നു. മാറേണ്ടതും വെളിച്ചം വരണ്ടേതും മനസ്സിലാണ്. മഹിളകളുടെ സംഗമത്തിലും മുന്നിൽ തന്നെ നമ്മളെ ടീച്ചറെ കണ്ടപ്പോൾ നാളുകളായി കേട്ടുകൊണ്ടിരിക്കുന്ന ചോദ്യം ആരോ ആവർത്തിച്ചു.
“ടീച്ചർ കാണാൻ സുന്ദരിയാണൊ…….. ?”
ഓന്ത് ചോര കുടിക്കുന്ന പോലെ വഴിയേ പോകുന്ന പെണ്ണുങ്ങളെ നോക്കി ഇരിക്കുന്ന ഒരു പണിയുമില്ലാത്ത കുറേ പൂവാലൻ മാരുടെ സംശയമാണ് ടീച്ചർ സുന്ദരിയാണൊ. പൂവലാന്മാർക്ക് മാത്രമാണെന്ന് തോന്നുന്നില്ല. ഒട്ടുമിക്ക ആളുകളുടെയും മനസ്സിലും ഉണ്ട് ആ ചോദ്യം.
ആയിരിക്കാം അല്ലായിരിക്കും. എങ്കിലും ആ മുഖമൊന്ന് കാണാൻ കൊതിക്കുന്ന ഒരുപാട് പേരുണ്ട് നമ്മടെ നാട്ടിൽ. രാവിലെയും വൈകുന്നേരവും കൈയിൽ ബാഗും ചുരുട്ടി പിടിച്ച പേപ്പറുമായി സ്‌കൂളിലേക്ക് പോകുന്ന ഷാഹിന ടീച്ചറുടെ മുഖം കണ്ടവരില്ല നാട്ടുകാരിൽ.
ഏഴ് അല്ലെങ്കിൽ എട്ട് മാസമായികാണും ഞങ്ങളുടെ നാട്ടിൽ ടീച്ചർ താമസം തുടങ്ങിയിട്ട്. വടക്ക് എവിടെയോയാണ് വീട്. ഭർത്താവ് ഗൾഫിലാണ്. ഉമ്മ കൂടെ ഉണ്ട്. പിന്നെ ഒരു മോനും.
നാട്ടിൽ അനേകം വിഷയങ്ങളുണ്ട് ചർച്ച ചെയ്യാൻ. പക്ഷെ ടീച്ചറെ മുഖത്തെ പറ്റിയുള്ള ചർച്ചകൾ ഓട്ടോ സ്റ്റാൻഡ് മുതൽ നമ്മളെ കാദർ ക്കായുടെ ചായ കട വരെ നീണ്ടു.
ഷാഹിന ടീച്ചർ പർദ്ദക്കുള്ളിലേ മാണിക്യമായിരിക്കും. നാട്ടുകാർ ഉറപ്പിച്ചു. അയൽവാസികളായ ഏതോ രണ്ട് പെണ്ണുങ്ങൾ ടീച്ചറെ മുഖം കണ്ട്പോലും..പേപ്പർ ഇടുന്ന ചെക്കനും മുറുക്ക് വിൽക്കുന്ന അമ്മിണി ചേച്ചിയിയും കണ്ടിട്ടുണ്ട്.. എന്നും കേൾക്കുന്നു.
“പതിനാലാം നിലാവ് ഉദിച്ചപോലെയാ ടീച്ചറെ മുഖം. ”
“അല്ലെടോ അപ്പൊ സ്കൂളിൽ വെച്ചും ടീച്ചർ മുഖം തുറക്കില്ലെ… ?”
“ഭക്ഷണം കഴിക്കാനെങ്കിലും.. ആ ഷട്ടർ ഒന്ന് പോക്കില്ലേ…. ?”
കാത്തിരുന്ന ജോലി ആയതുകൊണ്ടും സർക്കാർ ജോലിയുടെ മഹത്വം അറിയാവുന്നതു കൊണ്ടും ഷാഹിന ഈ നാട്ടിൽ വന്നതും വാടകക്ക് വീട് എടുത്ത് ഞങ്ങളെ നാട്ടിൽ താമസിച്ചത്. ജീവ വായു പോലെ മതത്തിന്റെ ആദർശങ്ങൾ പിൻ പറ്റിയ വാപ്പയുടെ മോൾ പഠിച്ചത് അറബി കോളേജിൽ. ചെറുപ്പം മുതലുള്ള ശീലമാണ് പർദ്ദയും ബുർക്കയും. പുറത്ത് ഇറങ്ങുന്നങ്കിൽ പർദ്ദ ധരിച്ചു മുഖം മറച്ചു മാത്രമെ ഇറങ്ങു.
“സ്വന്തം ഇഷ്ടത്തിന് എന്തും ധരിക്കാനുള്ള അവകാശമുള്ള നമ്മുടെ നാട്ടിൽ പർദ്ദ കണ്ടാൽ ചൊറിച്ചിൽ ഇളകുന്നവരേ.. മനസ്സിൽ പെണ്ണിന്റെ ശരീരം കാണാൻ കഴിയാത്ത അമർഷം ആയിക്കൂടെ അല്ലേ.. ?”
“മോനെ എഴുത്തുകാരാ വിഷയം മാറ്റല്ലേ.. പർദ്ദയല്ല ഇവിടത്തെ പ്രശ്നം. ടീച്ചറുടെ മുഖമാണ്. പർദ്ദ ഇഷ്ടം ഉള്ളവർ ഇട്ടോട്ടെ… ഈ നാട്ടിലെ ഏത് പെണ്ണ് പർദ്ദ ഇട്ടാലും ഞങ്ങൾക്ക് ആളെ അറിയും ”
“ഓഹോ സോറി.മൊത്തത്തിൽ ഒന്ന് പൊലിപ്പിക്കാൻ വേണ്ടി പറഞ്ഞതാണ്.. ”
എന്തായാലും ടീച്ചർ വല്ല സാരിയോ ചുരിദാറിലോ ആയിരുന്നെങ്കിൽ ഇത്ര ചർച്ച നാട്ടിൽ ഉണ്ടാവില്ല. സ്കൂളിൽ കുട്ടികൾ ടീച്ചറെ ഭൂതം എന്നൊക്കെ കളിയാക്കി ടീച്ചർ കേൾക്കാതെ വിളിക്കാറുണ്ട് എന്നും കേൾക്കുന്നു.
പതിവുപോലെ രാവിലെ ടീച്ചർ വീട്ടിൽ നിന്നും ഇറങ്ങി. സ്കൂളിലേക്ക് നടന്നു. കവലയിൽ നോക്ക് കൂലിയില്ലാത്ത നോട്ടക്കാർ ടീച്ചർ നടന്നു വരുന്നതും നോക്കി നിൽക്കുന്നുണ്ട്.
പെട്ടെന്ന് കാദർക്കയുടെ ചായ കടയിൽ ജോലി ചെയുന്ന വിഷ്ണുവിന്റെ ഡ്രെസ്സിൽ അടുപ്പിൽ നിന്നും തീ പിടിച്ചു. അലറി വിളിച്ചു വഴിയിലേക്ക് ഓടി വന്നതു ടീച്ചറുടെ മുൻപിൽ. നോട്ടക്കാരും നാട്ടുകാരും എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്ന.നേരത്ത് ടീച്ചർ പർദ്ദ ഊരി അവനെ പുതപ്പിച്ചു തീ കെടുത്തി. മുഖം മറച്ച കറുത്ത ബുർക്ക തെറിച്ചു പോയി. ജീൻസും ടി ഷർട്ടും ഇട്ട് നിൽക്കുന്ന ടീച്ചറെ മുഖം ആരും നോക്കിയില്ല. ആരൊക്കെയോ ഓടി വന്ന് തീ പിടിച്ച അവന്റെ ഡ്രെസ്സ് അഴിച്ചു മാറ്റി പർദ്ദ കൊണ്ട് പൊതിഞ്ഞു ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.
ടീച്ചർ വീട്ടിലേക്കു തിരിച്ചു പോയി. അന്ന് സ്കൂളിൽ പോയില്ല. പിറ്റേന്ന് ടീച്ചർ സ്കൂളിൽ പോകുന്ന വഴിയിൽ പൂവാലന്മാരുടെ നോട്ടം ഉണ്ടായില്ല. ബഹുമാനത്തോടെ നോക്കുന്ന കണ്ണുകൾ.
“ഈ നാട്ടിൽ വന്നിട്ട് ആദ്യമായിട്ടാണ് തല ഉയർത്തി നടക്കുന്നത് ഞാൻ. ഇന്നലെ വരെ കണ്ട മുഖങ്ങളിൽ പരിഹാസവും പുച്ഛവുമായിരുന്നു. അല്ലങ്കിൽ എന്നെ കാണാൻ കഴിയാത്ത അമർഷം. പക്ഷെ ഇന്ന് അവർ എല്ലാവരും മാറിപോയി ഇക്കാ. ”
“അല്ലാ ഷാഹി… നിനക്ക് എങ്ങിനെ തോന്നി പർദ്ദ അഴിക്കാൻ…. ?”
“അത് അങ്ങിനെയാണ് ഇക്കാ.. പിടയുന്ന ജീവനെ കാണുമ്പോൾ അങ്ങിനെയൊക്കെ ചെയ്തില്ലങ്കിൽ എന്റെ ആദർശത്തിന് എന്ത് വില .. ”
അങ്ങിനെ ഞങ്ങളുടെ നാട്ടിൽ ടീച്ചറും ടീച്ചറുടെ പർദ്ദയും താരമായി. പക്ഷെ ഇപ്പൊഴും ആർക്കും അറിയില്ല ടീച്ചർ സുന്ദരിയാണൊന്ന്.മുഖം കണ്ടില്ലങ്കിലും ടീച്ചർ മൊഞ്ചുള്ള പെണ്ണ് തന്നെയാണെന്ന് ഞങ്ങൾ ഉറപ്പിച്ചു. ആ വർഷം തന്നെ ടീച്ചർക്ക് നാട്ടിലെ സ്‌കൂളിലേക്ക് മാറ്റം കിട്ടി ടീച്ചർ പോകുകയും ചെയ്തു. എങ്കിലും രാവിലെയും വൈകുന്നേരവും വെറുതെ ഒന്ന് നോക്കും ഷാഹിന ടീച്ചർ നടന്നു വരുന്നുണ്ടോന്ന്.
ഞാനും കണ്ടിട്ടില്ലാട്ടോ ടീച്ചറെ മുഖം. കണ്ടവർ പറഞ്ഞത് പോലെ ആ മുഖത്ത് പതിനാലാം രാവിൻറെ മൊഞ്ചുണ്ടായിരുന്നോ……… അറിയില്ല.
***********************************************
NB;ഈ അടുത്ത സമയത്തു് ദുബായിൽ കാറിൽ നിന്നും തീ പിടിച്ച് ഓടിയ ഡ്രൈവറെ പർദ്ദ അഴിച്ചു തീ കെടുത്തി ജീവൻ രക്ഷിച്ച സംഭവം കടപ്പാട് ഈ കഥക്ക്.