Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

ഹും ഓർക്കുന്തോറും അമ്മയോട് ദേഷ്യം നുരഞ്ഞുപൊന്തുന്നുണ്ട്. എത്രകാലം കൊണ്ട് കൊതിക്കുന്നതാ ഒരു ബൈക്ക്. ഇന്നലൂടെ അച്ഛൻ

ഹും ഓർക്കുന്തോറും അമ്മയോട് ദേഷ്യം നുരഞ്ഞുപൊന്തുന്നുണ്ട്. എത്രകാലം കൊണ്ട് കൊതിക്കുന്നതാ ഒരു ബൈക്ക്. ഇന്നലൂടെ അച്ഛൻ വിളിച്ചപ്പോൾ പറഞ്ഞതാ നിനക്കിഷ്ടമുള്ള ബൈക്ക് പോയി വാങ്ങിക്കോ ക്യാഷ് ഞാൻ അയച്ചുതരാമെന്ന്. പക്ഷെ കൊന്നിട്ടും ‘അമ്മ സമ്മതിക്കുന്നില്ല. ഓരോരുത്തർ കോളേജിലേക്ക് ബൈക്കിൽ ചെത്തിപ്പൊളിച്ചു വരുമ്പോൾ എന്തോരം ആഗ്രഹിച്ചിരുന്നെന്നോ അതുപോലിരിക്കൽ എനിക്കും വരണമെന്ന്.
ചെറുപ്പം മുതലേ അമ്മയെ എതിർത്തൊന്നും ചെയ്തു ശീലിച്ചീല്ല. അതാണ് അച്ഛൻ അനുവാദം തന്നിട്ടും മനസ്സുറക്കാത്തത്.
അതിപ്പം തെറ്റായെന്ന് തോന്നുന്നു.

മുറ്റത്തുപരന്ന നിലാവുനോക്കി ഇങ്ങനെ ഓരോന്ന് പിറുപിറുതൊണ്ടിരിക്കുമ്പോഴാണ് പിന്നിൽ നിന്നും അമ്മയുടെ ചോദ്യം..
നീയെന്താടാ ഒറ്റക്ക് സംസാരിക്കുന്നത്.
ചോറെടുത്തുവെച്ചിട്ടുണ്ട് വന്ന് കഴിച്ചുകിടക്കാൻ നോക്ക്.
എനിക്ക് വേണ്ട..
അതെന്താ. നീ പുറത്തൂന്ന് വല്ലോം കഴിച്ചാർന്നോ..
ല്യ..
പിന്നെ എന്താ വേണ്ടാത്തെ..
ക്കി വിശപ്പില്യാ അത്രന്നെ. ഞാൻ അൽപ്പം ശബ്ദം ഉയർത്തിയാണ് പറഞ്ഞത്.
ഹ വിശപ്പില്ലെൽ കഴിക്കണ്ട. എനിക്ക് നല്ല വിശപ്പുണ്ട് ഞാൻ പോയി കഴിച്ചുകിടക്കട്ടെ. പിന്നെ. നീ ഇരുന്ന് മടുക്കുമ്പോൾ പോയി കിടക്ക്. പോകുമ്പോൾ വാതിലടക്കാൻ മറക്കണ്ട..
ഇതും പറഞ്ഞു ‘അമ്മ പോയി.

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല മനസ്സുമുഴുവൻ കൈവിട്ടുപോയ ആ സ്വപ്നമാണ്. അമ്മക്കെന്തിനാ ഇത്ര വാശി. എനിക്കൊരു ബൈക്ക് ഉണ്ടേൽ അതുകൊണ്ട് അമ്മക്കും ഗുണമില്ലേ. അമ്മയെ അമ്പലത്തിൽ കൊണ്ടോവാനും, ബന്ധുക്കളുടെ വീട്ടിൽപോകാനുമൊക്കെ ഉപകരിക്കില്ലേ..
എന്നിട്ടും.
ബൈക്ക് വാങ്ങിത്തരാതിരിക്കാൻ അമ്മക്ക് വ്യെക്തമായ ഒരു കരണമില്ല എന്നതാണ് എന്നെ കൂടുതൽ ദേഷ്യംപിടിപ്പിക്കുന്നത്.
വാങ്ങേണ്ടാന്നുപറഞ്ഞാൽ വാങ്ങേണ്ട. നീയിപ്പം അത്രേം മനസ്സിലാക്കിയാൽ മതി. ഇതാണ് ‘അമ്മ പറയുന്ന കാരണം. ഓർക്കുന്തോറും ദേഷ്യം കൂടി കൂടി വന്നു.
ഓരോന്ന് ചിന്തിച്ചു എപ്പോഴോ ഉറങ്ങിപ്പോയി.

രാവിലെ വൈകിയാണ് എണീറ്റത്. മനസ്സിലിപ്പോഴും ഒട്ടും നിറം മാങ്ങാത്തൊരു സ്വപ്നമായി ബൈക്ക് നിന്ന് ചിരിക്കുന്നുണ്ട്.
പെട്ടന്നുതന്നെ കുളിച്ചുമാറ്റി കോളേജിലേക്ക് പുറപ്പെടാനൊരുങ്ങി.

 

 

ഡാ നീ എന്താ ഇന്നിത്ര ധൃതിയിൽ. കഴിച്ചിട്ട് പോ.
എനിക്കുവേണ്ട.. നേരത്തെ പോയില്ലെങ്കിൽ സമയത്തിന് കോളേജിൽ എത്താൻ പറ്റില്ല. ബാക്കിയുള്ളോരേ പോലെ എനിക്ക് ബൈക്കൊന്നുമില്ലല്ലോ പെട്ടെന്നെത്താൻ. ബസിൽ തൂങ്ങിപ്പോണം.

ഇതും പറഞ്ഞു മറുപടിക്കു കാത്തുനിൽക്കാതെ ഞാനിറങ്ങി ഓടി. അമ്മയുടെ മുഖം കണ്ടില്ലേലും അമ്മേടെ മുഖത്ത് ചെറിയൊരു കുറ്റബോധം ഉണ്ടാവുമെന്ന് എനിക്കുറപ്പായിരുന്നു. ജംഗ്ഷനിലെത്തിയാൽ സുധി അവന്റെ വണ്ടിയുമായി വരും. സുധി എന്റെ ക്ലാസ്സ്‌മേറ്റ് ആണ് ഒന്നുരണ്ടുമാസമായി അവന്റെ ബൈക്കിനു പിറകിലാണ് എന്റെ കോളേജ് പോക്ക്.

അവൻ വന്നതും ഞാൻ ചാടിക്കയറി.
ആഹാ നീയിന്ന് നേരത്തെ എത്തിയോ. അല്ലേൽ നിന്നേം കാത്തുഞാൻ മുഷിയുന്നതാണല്ലോ.
ആട അമ്മയോട് ഒരു ചെറിയ പിണക്കം. ബൈക്ക് വാങ്ങാൻ അച്ഛൻ പണം അയച്ചുതരാമെന്ന് പറഞ്ഞിട്ടും ‘അമ്മ സമ്മതിക്കുന്നില്ല. അതിനാ. ദേഷ്യംപിടിച്ചിറങ്ങിയത്.
ആകെയുള്ള ഒരേയൊരു മോന്റെ പിണക്കം കണ്ട് ചിലപ്പോൾ മനസ്സുമാറിയാലോ..

ഒന്ന് പോടാ. നിന്റെ അമ്മയെ എനിക്കറിയില്ലേ. നീ അമ്മുവിനെ പ്രേമിക്കുന്നു എന്നറിഞ്ഞിട്ടും അതിനെ സപ്പോർട്ട് ചെയ്ത ആളാ നിന്റെ ‘അമ്മ. ആ ‘അമ്മ നിനക്കൊരു ബൈക്ക് വാങ്ങിത്തരാതിരിക്കണേൽ അതിനു പിന്നിൽ നിന്റെ നന്മ മാത്രമായിരിക്കും.
ഉവ്വ ഉവ്വ ഉള്ളവനറിയില്ലല്ലോ അതിന്റെ വില. നീ വണ്ടിവിട്.

കോളേജിൽ കൂട്ടുകാരുമായി കത്തിയടിക്കുന്നേരമാണ് മെയിൻ ഗേറ്റും കടന്നുവരുന്ന അമ്മയെ ശ്രദ്ധയിൽ പെട്ടത്.
ദൈവമേ അമ്മയിത് എന്തുഭാവിച്ചാ.. ഞാൻ ഓടിച്ചെന്ന് അമ്മയുടെ അടുത്തെത്തി.. അല്ല നിങ്ങളെന്തിനാ ഇവിടേക്ക് വന്നേ..
നീ രാവിലെ കഴിക്കാതെ അല്ലെ പോയത്.. നിന്റെ കയ്യിൽ പൈസേം ഇല്ലല്ലോ. പെറ്റവയറല്ലേ നീ വിശന്നിരിക്കുമ്പോൾ എനിക്കെന്തെലും ഇറങ്ങുവോ. അതാ അടുത്ത ബസ്സിന് ഞാനും വന്നേ.
ഹും ഈ സ്നേഹമൊന്നും ബൈക്ക് വാങ്ങുന്ന കാര്യത്തിലില്ലല്ലോ..
ഹ അത് ഞാൻ നിനക്ക് ഇപ്പൊ വാങ്ങിതരൂല.. അതുറപ്പ.
എങ്കിൽ എനിക്ക് ചോറും വേണ്ട.

അപ്പോഴേക്കും ന്റെ ഗ്യാങ്ങിൽ ഉള്ള എല്ലാരും അവിടേക്കെത്തി. ആരാടാ ഉണ്ണി ഇത്.
അത്..
ഞാനിവന്റെ അ..
വീട്ടിലെ വേലക്കാരിയാ. ‘അമ്മ പറഞ്ഞു മുഴുപ്പിക്കും മുന്നേ ഞാൻ ഇടയിൽ കയറി.
അമ്മയെന്ന് ഞെട്ടി.
അമ്മയുടെ മുഖത്തുനോക്കാതെ ഞാൻ തലതാഴ്ത്തിനിന്നു.
പെട്ടന്നാണ് ചെകിടത്തൊരു അടിവന്നു വീണത്, ഹോ കണ്ണിൽ നിന്നും പൊന്നീച്ച പാറി.
എന്താണ് സംഭവിക്കുന്നതെന്നറിയാതെ സകലരും മുഖത്തോട് മുഖം നോക്കി നിൽക്കുകയാണ്. മുഖം ഉയർത്തിനോക്കിയപ്പോൾ ‘അമ്മ കലിതുള്ളി നിൽക്കുന്നുണ്ട്. മുഖമൊക്കെ ദേഷ്യം കൊണ്ട് ചുവന്നിരിക്കുന്നു.

ഞാൻ നിന്റെ വീട്ടിലെ വേലക്കാരിയാണല്ലേ.. എന്നും പറഞ്ഞു ‘അമ്മ ചുറ്റിലും നോക്കി. നിലത്തുവീണുകിടക്കുന്ന ഒരു ചുള്ളിക്കൊമ്പെടുത്തു അടിയോടടി.. സംഭവം വെളിച്ചതായപ്പോൾ കൂടിനിൽക്കുന്നവരും കണ്ടുനിൽക്കുന്നവരും ആർത്തുചിരിക്കാൻ തുടങ്ങി..

കൈകയച്ചപ്പോൾ ‘അമ്മ അടി നിർത്തി. ഞാനാകെ ചമ്മി നാണംകെട്ട് നാശകൂശമായി സൈക്കളിൽ നിന്നും വീണ ചിരിയും ചുണ്ടിൽ ഫിറ്റ് ചെയ്ത് ചുറ്റിലും ഒന്ന് കണ്ണോടിച്ചു നിൽക്കുവാണ്.

ഡാ ഞാനിപ്പം പോവാണ്, ബാക്കി നീ വീട്ടിലേക്ക് വന്നിട്ട്. ചട്ടകം ചൂടാക്കി ഞാൻ ചന്തിക്ക് വെക്കും ഓർത്തോ. ഇതോടെ ആയപ്പോൾ ചുറ്റിലുള്ളവരുടെ ചിരി ഒന്നൂടെ ഉച്ചത്തിലായി.
‘അമ്മ രണ്ടടി നടന്നു തിരിച്ചുതന്നെ വന്നു, ചുറ്റിലുള്ള എല്ലാരേം ഒന്ന് നോക്കി.

ഇതിലാരാ അമ്മു. അമ്മേടെ ചോദ്യം കേട്ടതും എല്ലാരുടെയും ചിരി സ്വിച്ചിട്ടപോലെ നിന്നു..
ദേവിയേ. ഞാൻ അറിയാതെ വിളിച്ചുപോയി. ഇനി അവളോടെന്താ പറയാൻ.. എന്റെ ചങ്കിടിപ്പ് കൂടുന്നത് ഞാനറിഞ്ഞു. ഒത്തിരികലം പിറകെ നടന്ന് വളച്ചൊടിച്ചെടുത്തതാ.. ‘അമ്മ ഇന്നതിന് കാർട്ടണിടും..

കൂടി നിന്നവരിൽ നിന്നും മടിച്ചു മടിച്ചോണ്ട് അവൾ കൈപൊക്കി.

ഹ നീയാണോ..
എന്റെ പൊന്നുമോളെ ഈ കോളേജിൽ നിനക്ക് വേറെ ആരേം കിട്ടീലെ പ്രേമിക്കാൻ.
സ്വന്തം അമ്മേനെ പോലും മാറ്റിപ്പറഞ്ഞ ഈ മണകുണാസനെ മോളെങ്ങനെ വിശ്വസിക്കും. ഹ എന്തേലുമാവട്ടെ.. തലവര തൂത്താൽ പോവൂല്ലല്ലോ. ഇതും പറഞ്ഞു ‘അമ്മ പോയി.

ചെ ആകക്കൂടെ നാണക്കേടായല്ലോ. ഇനി ഈ കോളേജിൽ എങ്ങനെ തലയുയർത്തി നടക്കും. അമ്മൂന്റെ മുഖത്തുപോലും നോക്കാൻ മടിയാവാ. ഞാൻ പെട്ടന്നുതന്നെ അവിടുന്ന് സ്കൂട്ടായി. നേരെ ഒരു സിനിമക്കുകയറി.

നേരം ഇരുട്ടിത്തുടങ്ങിയിട്ടുണ്ട്. വീട്ടിലേക്ക് പോകാൻ ഇപ്പോഴും ഒരു ചെറിയ ഭയം. ‘അമ്മ പറഞ്ഞപോലെ ചാട്ടുകമെങ്ങാൻ വെച്ചാൽ. അതും കോളേജ് അറിയും. യ്യോ. അതൂടെ താങ്ങാനുള്ള ശേഷി എനിക്കില്ല..

വീടിനുപുറത്തെത്തിയപ്പോൾ ഞാൻ പതുക്കെ അകത്തേക്ക് നോക്കി. ടി വിയിൽ മമ്മുക്കയുടെ രാജമാണിക്കം പ്ലേ ചെയ്തിട്ടുണ്ട്. പക്ഷെ അമ്മയെ അവിടെ കാണുന്നില്ലല്ലോ. കാതൊന്നൂടെ കൂർപ്പിച്ചപ്പോൾ അമ്മയുടെ സംസാരം കേൾക്കുന്നുണ്ട്.
ഓ അപ്പൊ അച്ഛൻ ഫോൺചെയ്തതാണ്. കിട്ടിയ തക്കത്തിൽ ഞാനെന്റെ റൂമിലേക്കോടി വാതിലടച്ചു. ഒരു മിന്നായം പോലെ ‘അമ്മ അത് കാണുകയും ചെയ്തു.

ഹ വന്നിട്ടുണ്ട് നിങ്ങടെ മോൻ. ഇന്നവൻ എന്നെ വേലക്കാരിയാക്കി. നാളെ ചിലപ്പോൾ നിങ്ങളെ ബന്ധുവാക്കും. അവൻ നിങ്ങടെ മുഖം മറക്കുംമുമ്പ് വേഗം ഇങ്ങോട്ട് പോന്നോണ്ടു..

പിന്നെ കൊച്ചുകുട്ടി. നിങ്ങളാ അവനിങ്ങനെ വഷളാക്കിയത്. അവന്റെ ഒരു ബൈക്ക് പ്രേമം..

അത് ഞാൻ സമ്മതിക്കൂല വിശ്വേട്ടാ. അവനിപ്പോ ബൈക്ക് വേണ്ട.

അമ്മയുടെ സംസാരത്തിൽ നിന്നും അച്ഛനെനിക്ക് കട്ട സപ്പോർട്ട് ആണെന്ന് മനസ്സിലായി.

ല്യാ ഞാൻ സമ്മതിക്കൂല. ഓനിപ്പം ബൈക്ക് മേടിച്ചുകൊടുത്താൽ അതുംകൊണ്ട് അവൻ ലോകം കറങ്ങാൻ പോവും. ചിലപ്പോൾ അവൻ പ്രേമിക്കുന്ന ആ പെണ്ണിനേയും കൂട്ടും. പഠിപ്പിൽ ഉഴപ്പി അവസാനം നിങ്ങളെ പോലെ പ്രവാസി ആവേണ്ടി വരും. നമ്മുടെ ഗതി അവർക്കുവരരുത് മാത്രല്ലാ
ന്റെ കുട്ടിനെ പിരിയാൻ എനിക്ക് കയ്യൂല. അവൻ നമ്മടെ കൂടെ ഇവിടെ വേണം എന്നും..

പിന്നെ വിശ്വേട്ടാ. ഞാനാ കുട്ടിയെ കണ്ടൂട്ടോ. നല്ല സുന്ദരിക്കുട്ടിയ. നല്ല ഐശ്വര്യവും ഉണ്ട് കാണാൻ.

അതേന്ന് എനിക്കിഷ്ടായി.
അവൻ പഠിച്ചു ജോലിയൊക്കെ നേടട്ടെ എന്നിട്ടുവേണം രണ്ടിനെയും പിടിച്ചു കെട്ടാൻ..

എന്ത് രസമായിരിക്കും ലെ പിന്നെ. ഞാനും നിങ്ങളും നമ്മുടെ മോനും മോളും അവരുടെ കുട്യോളും..

അമ്മയുടെ സംസാരം കേട്ടപ്പോൾ ഉള്ളിലെവിടെയോ ഒരു ചെറിയ കുറ്റബോധം. ചെ ആ സുധി പറഞ്ഞത് എത്ര ശെരിയാ.. അവനോളം പോലും ഞാനെന്റെ അമ്മയെ മനസ്സിലാക്കിയില്ലല്ലോ..

 

വാതിൽ തുറന്ന് ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു.
സോറി ‘അമ്മ..
‘അമ്മ അപ്പോഴും ഫോണിലാ.
ഹ ദേ നിങ്ങടെ തെമ്മാടി ചെക്കൻ വന്നിട്ടുണ്ട് ഞാൻ അവനുകൊടുക്കാം.
അമ്മയുടെ കയ്യിൽ നിന്നും ഞാൻ ഫോൺ വാങ്ങി.

ഹലോ അച്ഛാ..
എന്താ ഉണ്ണി.. നീയിന്ന് നിന്റെ അമ്മയെ വേലക്കാരി ആക്കിയെന്ന് അവൾ പറഞ്ഞു.. ഉള്ളതാണോ..
അത് ഞാനാ ദേഷ്യത്തിൽ പറഞ്ഞതല്ലേ. പിന്നെ അതിന് ‘അമ്മ അപ്പൊത്തന്നെ നിക്ക് വയറുനിറയെ തന്നതാണല്ലോ.. പോരാത്തതിന് കോളേജിൽ ഇരട്ടപ്പേരും വീണു.. പാൽകുപ്പീന്ന്..

ഹ ഹ. അല്ല നിനക്ക് ബൈക്ക് വേണം എന്നുതന്നാണോ ഇപ്പോഴും.. ‘അമ്മ അറിയാതെ വേണേൽ ഞാൻ പൈസ അയച്ചുതരാം.

വേണ്ടച്ഛാ. ‘അമ്മ പറഞ്ഞപോലെ എനിക്കൊരു ജോലിയൊക്കെ കിട്ടട്ടെ. എന്നിട്ട് അമ്മുനേം ഇങ്ങോട്ട് കൊണ്ടുവന്നിട്ട് നമ്മക്ക് ഒരു കാറുത്തന്നെ മേടിക്കാം. എന്നിട്ട് അതിൽ നമ്മക്ക് ലോകം മുഴുവൻ ചുറ്റാലോ..

ഉവ്വ ഉവ്വ. ആ കുട്ടിയെ ഞാൻ കണ്ടില്ലല്ലോ..

അതൊക്കെ സമയാവുമ്പോ ഞാൻ കാട്ടിത്തരാം ട്ടോ..
ഇപ്പൊ അച്ഛൻ അമ്മക്ക് രണ്ട് ചക്കരയുമ്മയൊക്കെ കൊടുത്തു സുഖായിട്ട് കിടന്നുറങ്ങിക്കോളി..
എന്നും പറഞ്ഞു മറുപടിക്ക് കാക്കാതെ ഞാൻ അമ്മക്ക് ഫോൺ കൊടുത്തു റൂമിലേക്കോടി.

വർക്കിച്ച.. യെവൻ പുലിയാണ് കേട്ട..
മമ്മുക്കയുടെ സൂപ്പർ ഡയലോഗ് അപ്പോൾ കാതിൽ
വന്നടിക്കുന്നുണ്ടായിരുന്നു…

You may also like...

Leave a Reply

Your email address will not be published. Required fields are marked *