മടങ്ങണം നാട്ടിലേക്ക്… – മകളുടെ കുഞ്ഞിനെ ഒരു നോക്ക് കാണാൻ പോലും സാധിച്ചട്ടില്ല. മതിയാവോളം അവളെ താലോലിക്കണം.
മടങ്ങണം നാട്ടിലേക്ക്…
മകളുടെ കുഞ്ഞിനെ ഒരു നോക്ക് കാണാൻ പോലും സാധിച്ചട്ടില്ല. മതിയാവോളം അവളെ താലോലിക്കണം.
എന്റ്റെ ബീവിന്റ്റെ കൂടെ പ്രണയം പങ്കിട്ട സ്കൂൾ വരാന്തകളിൽ അവളുടെ കൈകൾ കോർത്ത് ഒന്നു കൂടി നടക്കണം
തറവാട്ടിൽ പോകണം.
നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഉമ്മ സ്നേഹം ചേർത്ത് വിളമ്പിയ ഭക്ഷണം ഇഷ്ടമല്ല, രുചി പോരാ എന്ന് പറഞ്ഞ് നിരസിച്ച നിമിഷത്തിനെക്കുറിച്ച് ഓർത്ത് ഇപ്പോൾ ഹൃദയം നീറുന്നത് ഉമ്മനോട് ഒന്ന് പങ്ക് വെക്കണം.
തൊടിയിലും പാടത്തും മൈതാനത്തിലും കണ്ട് മുട്ടിയ സൗഹൃദങ്ങൾ ഒരിക്കലൂടെ പുതുക്കണം.
നാട്ടിൽക്കൊന്ന് വിളിക്കാമെന്ന് ഓർത്തപ്പോഴാണ് സുലുന്റ്റെ മിസ്ട് കോൾ.
തിരിച്ച് വിളിച്ചു.
ന്താ സുലു.
ങ്ങള് തിരക്കിൽ ആയിരുന്നോ?
അല്ല. ജ് പറ.
മോളെ പുതിയാപ്ലക്ക് വീട് വാർക്കലിന് കുറച്ച് പണത്തിന്റ്റെ കുറവുണ്ട്. ങ്ങൾ തരുമെന്ന് ഞാൻ പറഞ്ഞിക്ക്.
ഉറുമ്പ് ധാന്യമണി ശേഖരിക്കും പോലെ ഇതുവരെ കൂട്ടിവെച്ചതും ഉണ്ടായിരുന്നതും എല്ലാം മ്മൾ അവൾക്കല്ലേ നൽകിയത്. പിന്നെയും പിന്നെയും ആവശ്യങ്ങൾ നിരത്തുമ്പോൾ ഞാനൊരു മനുഷ്യനാന്ന് നീയും മകളും ഓർക്കണം.ജിന്നൊന്നും അല്ല. മനസ്സാക്ഷി എന്ന ഒന്നില്ലേ അവിടെ ആർക്കും. ഞാൻ നാട്ടിലേക്ക് വരാൻ നോക്കുവാണ് സുലു.മടുത്ത് പ്രവാസം.
ങ്ങൾ ഇവിടെ വന്നിട്ടിപ്പോ ന്താ ഇക്കാ.കണ്ട പിടികേന്റ്റെ തിണ്ണ നിരങ്ങാൻ ല്ലേ. അല്ലേ ഒരു പണിയും ഇല്ലാത്ത കുറെ എണ്ണത്തിനൊപ്പം കറക്കവും. അവിടെ നിക്കുന്നതാ ഇവിടെ വെച്ച് നോക്കുമ്പോൾ ഇൻക് സമാധാനം. പിന്നെ മോൾക്ക് അയക്കാനുള്ള പൈസേന്റ്റെ കാര്യം മറക്കണ്ട.
ഏഴ് വർഷം ഞാൻ പ്രണയിച്ച് സ്വന്തമാക്കിയതാ സുലുനെ. അന്നവൾക്ക് എന്നിൽ തീരുന്ന സ്വപ്നങ്ങളേ ഉണ്ടായിരുന്നുള്ളു.ഇന്നിപ്പോ..
ഇല്ല. അവൾക്കിത്രയും മാറാനാകില്ല. ഫോൺ വിളിക്കുമ്പോൾ എല്ലാം ഓരോ തിരക്ക് പറയുമ്പോൾ ഞാൻ ഓർക്കുന്നത് മോളും കുട്ടിയും വീട്ടിൽ തന്നെ അല്ലേ. അതാവും എന്നായിരുന്നു.
പടച്ചോനെ അവൾ ഒന്ന് വിളിച്ച് ങ്ങൾ ഇങ്ങ് പോരെ ഇക്കാ. പച്ച വെള്ളം ആയാലും മ്മൾക്ക് പങ്കിട്ടെടുക്കാം എന്ന് വെറുതേ എങ്കിലും പറഞ്ഞിരുന്നെങ്കിൽ ഒരായുസ്സ് മുഴുവൻ ഇനിയും ഇവിടെ നിൽക്കാമായിരുന്നു.
യൗവ്വനം പ്രവാസത്തിന് പണയപ്പെടുത്തുമ്പോൾ കുടുംബം രക്ഷപ്പെടണമെന്ന് മാത്രമേ ആഗ്രഹിച്ചടുള്ളു.
പ്രവാസവും മരണവും ഒരു പോലെയാണ്. സ്വീകരിച്ചാൽ പിന്നെ മടക്കമില്ല.
ഇരുപത്തിഒന്ന് വർഷം പഠിച്ച പാഠംങ്ങളേക്കാൾ വലിയ പാഠംങ്ങളാണ് മുപ്പത്തിയാറ് പേജുള്ള ചെറിയൊരു പുസ്തകം സമ്മാനിച്ചത്. നോവുള്ള സമ്മാനം.
സ്വന്തം വീട്ടിൽ അതിഥി ആയി പോലും പോകാനാവാത്ത നിസഹായത.
ഈ മണൽക്കാറ്റിൽ പറത്തണം എനിക്ക് എന്റ്റെ സ്വപ്നങ്ങളെ എല്ലാം. അടുത്ത ജൻമ്മം എങ്കിലും കുളിരുള്ള ഒരു ചാറ്റൽ മഴ എങ്കിലും ആയി എന്നിലേക്ക് ചെയ്യ്തിറങ്ങാൻ.
ചുട്ട് പൊള്ളുന്ന പനിയുണ്ട്. ഉമ്മയുടെ കൈകൾ ഒന്ന് നെറ്റിയിൽ തലോടിയിരുന്നെങ്കിൽ എല്ലാം മറന്ന് എനിക്കൊന്ന് ഉറങ്ങാമായിരുന്നു.
ഇനി ഞാനൊന്ന് ഉറങ്ങട്ടെ..
നാടിന്റ്റെ പച്ചപ്പും ഉമ്മയുടെ തലോടലും സ്വപ്നം കണ്ട് ഒരിക്കലും ഉണരാത്ത ഒരു ഉറക്കം.
ന്റ്റെ മയ്യിത്ത് അടക്കം ചെയ്യുമ്പോൾ എങ്കിലും ഒരു തണൽമരത്തിന് താഴെ അടക്കം ചെയ്യാൻ പ്രിയപ്പെട്ടവർക്ക് കനിവ് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.
അവിടെ എങ്കിലും നടുനിവർത്തി മതിയാവോളം ഒന്ന് വിശ്രമിക്കണം എനിക്ക്.
കടപ്പാട് – ആയിഷ