Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

എന്നെ ചതിച്ച അനന്ദുവിനോട് ഞാൻ പകരം വീട്ടിയത് എങ്ങനെയാണെന്ന് അറിയാമോ? അയാളുടെ അനുജനെ കൊണ്ട് എന്റെ കഴുത്തിൽ താലി ചാർത്തി കൊണ്ട്.

ഞാനും അനന്ദുവും തമ്മിൽ കോളേജിൽ പഠിക്കുന്ന കാലം മുതലേയുള്ള അടുപ്പമാണ്. സുഹൃത് ബന്ധം എങ്ങനെയാണ് പ്രണയത്തിൽ കലാശിച്ചതെന്ന് എനിക്കറിയില്ല. ഡിഗ്രി കഴിയാറായപ്പോഴാണ് അനന്ദുവിന്റെ വീട്ടിലെ ബുദ്ധിമുട്ടുകൾ ഞാൻ അറിഞ്ഞത്. സാമ്പത്തികമായ അത്ര പിന്നിലല്ലാത്തതു കൊണ്ട് പിന്നെ അനന്ദുവിന്റെ കാര്യങ്ങളെല്ലാം നോക്കിയത് ഞാനാണ്. ആദ്യമൊക്കെ ശക്തമായി ഇതിനോട് എതിർത്തുവെങ്കിലും പിന്നെ എന്റൊപ്പം നിന്നു. അങ്ങനെ അനന്ദു എംബിഎ കഴിഞ്ഞ്, എന്റെ പപ്പയുടെ സഹായത്തോടെ വിദേശത്തേക്ക് പറന്നു. പിന്നീടുള്ള അനന്ദുവിന്റെ വളർച്ച അസൂയാവഹമായിരുന്നു. പപ്പ പല തവണ പറഞ്ഞിട്ടുണ്ട്, അനന്ദു മിടുക്കനാണെന്ന്. 2 വർഷത്തിനുള്ളിൽ വലിയ ഒരു വീടും സ്ഥലവുമൊക്കെ ആയി. തിരക്ക് കാരണം എന്നെ വിളിക്കാറ് പോലുമില്ലായിരുന്നു. ഞാനൊട്ട് ശല്യപെടുത്താനും പോയില്ല.

പക്ഷേ തിരിച്ചു വന്ന അനന്ദു പുതിയ ഒരു മനുഷ്യനായിരുന്നു. അനന്ദുവിന്റെ കല്ല്യാണം ഉറപ്പിച്ച ശേഷമാണ് ഞാൻ പോലും അറിയുന്നത്. പല തവണ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കല്ല്യാണത്തിന് പോയി മുടക്കാമെന്ന് കരുതി. അവസാനം വേണ്ടെന്ന് വച്ചു. ഒരു വാക്ക് പോലും പറയാതെ എന്നെ ഒഴിവാക്കിയ ആൾക്ക് വേണ്ടി, ഞാൻ എന്തിന് കരയണം? പതിയെ അനന്ദുവിനെ മറക്കാൻ തുടങ്ങി. അതത്ര എളുപ്പമായിരുന്നില്ല.
പണം മായിക്കാത്ത ചീത്തപേരില്ലല്ലോ! എന്നെ തേച്ചു എന്നുള്ള ദുഷ്പേര് വൈകാതെ എല്ലാവരും മറന്നു. എന്റെ ജീവിതമാണ് വഴി മുട്ടിയത്. ഇനി എന്ത്? എന്ന ചോദ്യചിഹ്നം എന്നെ വല്ലാതെ അലട്ടി. ഫേസ്ബുക്കിൽ കാണുന്ന അനന്ദുവിന്റേയും ഭാര്യയുടേയും പ്രണയ നിമിഷങ്ങൾ എന്നെ ഭ്രാന്ത് പിടിപ്പിച്ചു. എനിക്ക് തന്ന വാക്ദാനങ്ങൾ ഓരോന്നായി തികട്ടി വന്നു. ഈ ഭ്രാന്താണ് അനന്ദുവിനോട് പകരം വീട്ടാൻ എന്നെ പ്രേരിപ്പിച്ചത്. എല്ലാവരും പ്രേമം പൊളിയുമ്പോൾ നിരാശയിൽ ജീവിതം മുക്കി കളയും. ഞാനതിന് തയ്യാറല്ലായിരുന്നു.

എന്റെ സന്തോഷമാണ് അനന്ദുവിനോടുള്ള ഏറ്റവും വലിയ പ്രതികാരമെന്ന് ഞാൻ തിരിച്ചറിഞ്ഞു.
എന്റെ വഴി ഞാൻ തിരഞ്ഞെടുത്തു. അനന്ദുവിന്റെ അനുജനെ കൂട്ട് പിടിച്ചു. അരുണെന്നായിരുന്നു പേര്. ഒരു വിശുദ്ധ പ്രണയം അങ്ങ് കാച്ചി. അരുൺ വീണു. വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് അരുൺ എന്റെ കഴുത്തിൽ താലി കെട്ടി. പിന്നീട് എന്റെ ദിവസങ്ങളായിരുന്നു. അരുണിനെ ഞാൻ സ്നേഹം കൊണ്ട് വീർപ്പു മുട്ടിച്ചു. ശരിക്കും ശ്വാസം മുട്ടിയത് അനന്ദുവിനായിരുന്നു. എന്റെ സാന്നിധ്യം അനന്ദുവിനെ വല്ലാതെ അസ്വസ്ഥതനാക്കി. പലപ്പോഴും എന്നോട് സംസാരിക്കാൻ അനന്ദു ശ്രമിച്ചെങ്കിലും ഞാൻ ഒഴിഞ്ഞുമാറി.

പതിയെ അനന്ദുവും ഭാര്യയും തമ്മിൽ അകലാൻ തുടങ്ങി. ഞാനായിരുന്നു അവർക്കിടയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചത്. അതിൽ ഞാൻ അകമഴിഞ്ഞ് സന്തോഷിച്ചു. അനന്ദുവിന്റെ കുഞ്ഞിനെ സൗന്ദര്യം നഷ്ടപെടുമെന്ന പേരിൽ, രേഷ്മ അബോർഷൻ ചെയ്തു. ഇതുകാരണം വീട്ടിലുണ്ടായ കോളിളക്കം ചെറുതൊന്നുമല്ല. വൈകാതെ അവർ പിരിഞ്ഞു.
പക്ഷേ അപ്രതീക്ഷിതമായി എന്റെ ജീവിതത്തിലോട്ട് ഒരു അഥിതി വന്നു. അതിനെ സ്വീകരിക്കാൻ തക്ക രീതിയിൽ എന്റെ മനസ്സ് പാകമല്ലായിരുന്നു. അനന്ദുവിനെ നശിപ്പിക്കുക മാത്രമായിരുന്നു എന്റെ ജീവിതലക്ഷ്യം. അത് നിറവേറിയപ്പോൾ ഇനി എന്ത് ചെയ്യണമെന്ന് ഒരു അറിവുമില്ലായിരുന്നു. പിന്നീടുള്ള രാത്രികളിൽ എനിക്കുറങ്ങാൻ കഴിഞ്ഞില്ല. അരുണിനോട് എല്ലാം തുറന്നു പറയണമെന്ന് തോന്നി. അരുൺ ജോലിക്ക് പോകാൻ വേണ്ടി ഒരുങ്ങുന്ന സമയത്ത് ഞാൻ അടുത്തോട്ട് ചെന്നു.

“അരുൺ…. എനിക്ക് ഒരു കാര്യം പറയാനുണ്ട്.”

“ഞാൻ അച്ഛനാകാൻ പോകുന്നുവെന്നല്ലേ?”
ഇത് എങ്ങനെ അറിഞ്ഞെന്നുള്ള ആശ്ചര്യത്തിൽ ഞാൻ അരുണിനെ നോക്കി.
“എനിക്കെല്ലാം അറിയാം അച്ചു. ചേട്ടൻ അച്ചുവിനോട് ചെയ്തത് അടക്കം. ഞാൻ അച്ചുവിനെ തിരിഞ്ഞ് കണ്ടുപിടിച്ച്, ചേട്ടന് വേണ്ടി മാപ്പ് ചോദിക്കണമെന്ന് കരുതിയതാണ്. പക്ഷേ അതിന് മുൻപ് അച്ചു എന്നെ കണ്ടുപിടിച്ചിരുന്നു. അഭിനയമാണെന്ന് അറിഞ്ഞിട്ട് തന്നെയാണ് ഇതിനൊക്കെ നിന്നു തന്നത്. എനിക്ക് മനസ്സിലാകും അച്ചു അനുഭവിച്ച വേദന.”
ചോദ്യ രൂപത്തിൽ ഞാൻ അരുണിനെ നോക്കി.

“സ്നേഹിക്കുന്നവർ നമ്മളെ ചതിക്കുവാണെന്ന് ചിന്തിക്കാൻ പോലും കഴിയില്ല. അപ്പോ അത് അനുഭവിക്കേണ്ടി വന്നല്ലോ.”
“അരുണിനെ ആരോ ചതിച്ചിട്ടുണ്ടെന്ന് തോന്നുന്നല്ലോ?”
“അതൊക്കെയുണ്ട്. നല്ല പെൺകുട്ടിയായിരുന്നു. പക്ഷേ നല്ല ശമ്പളവും ഉയർന്ന ജോലിയുമുള്ള ചെക്കനെ കണ്ടപ്പോൾ എന്നെ സൗകര്യപൂർവ്വം മറന്നു കളഞ്ഞു. അതൊക്കെ പഴയ കാര്യമല്ലേ, ഇനി പറഞ്ഞിട്ട് എന്തിനാ?”
“അവൾ പോയത് നന്നായിയെന്ന് ഇപ്പോൾ തോന്നുന്നില്ലേ? സ്വന്തം കുഞ്ഞിനെ സൗന്ദര്യത്തിന്റെ പേരിൽ കൊന്നു കളഞ്ഞപ്പോൾ….”
ഞെട്ടലോടെ അരുൺ എന്നെ നോക്കി.
“അച്ചു.. നീ…. എങ്ങനെ….?”

“എനിക്കെല്ലാമറിയാം അരുൺ. എന്റെ കഴുത്തിൽ കിടക്കുന്ന ഈ താലി രേഷ്മയുടെ കഴുത്തിൽ അണിയിക്കാൻ സൂക്ഷിച്ചു വച്ചതാണെന്ന്. ഞാൻ അരുണിനെ പ്രേമിച്ചത് അനന്ദുവിനോദ് പകരം വീട്ടാൻ മാത്രമായിരുന്നു. പക്ഷേ വിവാഹം കഴിഞ്ഞ് പിന്നീടെപ്പോഴോ എങ്ങനെയോ ഞാൻ അറിയാതെ ഇഷ്ടപെട്ട് തുടങ്ങി. വീണ്ടും ഒരു പ്രണയം എന്റെ ജീവിതത്തിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല.”
“ഞാനും. അവൾ പോയപ്പോൾ എല്ലാം അവസാനിച്ചെന്ന് കരുതിയതാ. സ്വന്തം പെണ്ണായി കണ്ടവളെ ചേട്ടത്തിയമ്മ എന്ന് വിളിക്കേണ്ട വന്ന എന്റെ ഗതികേട്. അച്ചൂ.. നീ വന്ന ശേഷമാണ് ഞാൻ ശരിക്കും ജീവിച്ചു തുടങ്ങിയത്. നീ എല്ലാം അവസാനിപ്പിച്ച് മടങ്ങിവരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. പക്ഷേ ഇത്രയും വൈകുമെന്ന് കരുതിയില്ല.”

“എല്ലാം അറിഞ്ഞിട്ടും അരുണെന്താ മിണ്ടാതെ ഇരുന്നത്?”
“അവർ ചെയ്ത തെറ്റിനുളള ശിക്ഷയല്ലേ താൻ കൊടുത്തത്. തടയാൻ തോന്നിയില്ല.”
“ഹും”
“ലക്ഷ്യമൊക്കെ നിറവേറിയില്ലേ, ഇനിയെങ്കിലും നമ്മുക്ക് ഒരു ജീവിതം തുടങ്ങേണ്ടെ?”
“വേണം.”
“നമ്മുടെ മോൾക്ക്‌ വേണ്ടി ജീവിക്കണം ഇനി.”
“ആഹാ! മോളാണെന്ന് ഉറപ്പിച്ചോ?”
“പിന്നില്ലാതെ പേര് വരെ കണ്ടുപിടിച്ചു. പറയട്ടെ?”
“പറ. കേക്കട്ടെ”
“രേഷ്മ”
“അരുൺ…… കൊന്നു കളയും ഞാൻ.”
ഞങ്ങളുടെ ചിരി ആ വീട്ടിൽ മാറ്റൊലി കൊണ്ടു.

എഴുതിയത് — ശാരി പി പണിക്കർ ( ചാരു )

You may also like...

Leave a Reply

Your email address will not be published. Required fields are marked *