ഈ ഡോക്ടർക്കൊരു സല്യൂട്ട്; സ്വന്തം പ്രസവവേദന കടിച്ചമർത്തി മറ്റൊരു യുവതിയുടെ പ്രസവമെടുത്തു
തനിക്കൊരു കുഞ്ഞു ജനിക്കാൻ നിമിഷങ്ങളേ ബാക്കിയുള്ളൂ എന്ന സൂചന ശരീരം നൽകുമ്പോഴും ഡോ. അമാൻഡ ഹെസ്സ് കർമ്മനിരതയായിരുന്നു. സ്വന്തം പ്രസവവേദന കടിച്ചമർത്തിക്കൊണ്ടാണ് അവർ മറ്റൊരു യുവതിയുടെ പ്രസവമെടുത്തത്. അമേരിക്കയിലെ കെൻറകിയാണ് സംഭവം. പ്രസവസമയമടുത്തതിനാൽ സ്വന്തം മുറിയിൽ കഴിയുമ്പോഴാണ് ഒരു യുവതിയുടെ നിലവിളി ഡോക്ടറിന്റെ കാതുകളിലെത്തിയത്.
സ്വന്തം അസ്വസ്ഥതകൾ മറന്ന് അവർ ശബ്ദംകേട്ട സ്ഥലത്തേക്കെത്തി. അവിടെ ഒരു യുവതി പ്രസവവേദനകൊണ്ട് പുളയുകയായിരുന്നു. ഗർഭിണിയെ പരിശോധിച്ച ഡോക്ടർ അമാൻഡയ്ക്ക് ഒരു കാര്യം ഉറപ്പായി. ഈ പ്രസവം ഉടൻ നടന്നില്ലെങ്കിൽ അവരുടെ കുഞ്ഞിന്റെ ജീവൻ അപകടത്തിലാകും. കാരണം പൊക്കിൾക്കൊടി കുഞ്ഞിന്റെ കഴുത്തിൽ മുറിക്കൊണ്ടിരിക്കുകയാണ്.
യുവതിയുടെ ചികിത്സിക്കുന്ന ഡോക്ടറാകട്ടെ ആശുപത്രിയിലേക്കുള്ള യാത്രയിലാണ്. ആൾ എത്താൻ ഇനിയും സമയമെടുക്കും. അതുവരെ കാത്തിരിക്കുന്നത് കുഞ്ഞിന്റെ ജീവൻ അപകടത്തിലാക്കും. ഇതു മനസ്സിലാക്കിയ ഡോക്ടർ അമാൻഡ സ്വന്തം പ്രസവവേദനയെ കൂസാതെ യുവതിയുടെ പ്രസവമെടുത്തു. കുഞ്ഞും അമ്മയും സുഖമായിരിക്കുന്നതു കണ്ടു മടങ്ങി നിമിഷങ്ങൾക്കുള്ളിൽ ഡോക്ടറും ഒരു കുഞ്ഞിന്റെ അമ്മയായി.
ഡോക്ടർ അമാൻഡയുടെ രണ്ടാമത്തെ പ്രസവമായിരുന്നു അത്. അമാൻഡയും മകൻ ഹെലൻജോയ്സും സുഖമായിരിക്കുന്നുവെന്നു പറഞ്ഞുകൊണ്ടാണ് മറ്റൊരു ഡോക്ടറായ ഡോ. ഹല സാബ്രി ഫെയ്സ്ബുക്കിൽ ഈ സംഭവം പങ്കുവെച്ചത്.
കുഞ്ഞുവാവയെ കൈയിലെടുത്തു നിൽക്കുന്ന ഈ സുന്ദരി ഒരു മോഡലാണെന്നു കരുതിയെങ്കിൽ നിങ്ങൾക്കുതെറ്റിയെന്നും ഇവരൊരു ഡോക്ടറാണെന്നും സ്വന്തം പ്രസവത്തിന് നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ മറ്റൊരു യുവതിയുടെ പ്രസവമെടുത്ത് യുവതിയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ച വീരനായികയാണിതെന്നും പരിചയപ്പെടുത്തിക്കൊണ്ടാണ് ഡോ. അമാൻഡയെ അഭിനന്ദിച്ചുകൊണ്ട് ഡോ. ഹല സാബ്രി ഫെയ്സ്ബുക്ക് കുറിപ്പെഴുതിയത്.
സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെട്ട ആ പോസ്റ്റിലൂടെയാണ് ലോകം ഈ ഡോക്ടറുടെ കഥയറിഞ്ഞത്.